ദില്ലി: കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇന്ത്യയുടെ റോഡ് ശ്യംഖല 59 ശതമാനം വളർന്നെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയുടെ റോഡ് ശ്യംഖലയുടെ ദൂരം 64 ലക്ഷം കിലോമീറ്ററാണെന്നും ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയായി ഇതോടെ ഇന്ത്യ മാറിയെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യയുടെ ദേശീയപാതയുടെ മാത്രം നീളം 1,45,240 കിലോമീറ്ററാണ്. 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 91,287 കിലോമീറ്റർ മാത്രമായിരുന്നു.
നരേന്ദ്രമോദി സർക്കാരിൻ്റെ ഒൻപതാം വാർഷികം പ്രമാണിച്ച് ദില്ലിയിൽ നടന്ന ഒരു യോഗത്തിലാണ് രാജ്യത്തെ റോഡ് ശൃംഖലയിലുണ്ടായ മുന്നേറ്റത്തെക്കുറിച്ച് ഗഡ്കരി വിശദീകരിച്ചത്. റോഡ് നിർമ്മാണത്തിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെയുണ്ടായത്. ഏഴ് ലോകറെക്കോർഡുകളാണ് റോഡ് നിർമ്മാണത്തിൽ ഇന്ത്യയുടെ പേരിൽ ഈ വർഷങ്ങളിലുണ്ടായത്.
2013-14 സാമ്പത്തികവർഷത്തിൽ 4770 കോടി രൂപയായിരുന്നു ടോൾ ഇനത്തിൽ സർക്കാരിൻ്റെ വരുമാനം. എന്നാൽ നിലവിൽ അത് പത്തിരട്ടി വർധിച്ച് 41,342 കോടിയായി ഉയർന്നു കഴിഞ്ഞു. 2030-ഓടെ ടോൾ വരുമാനം 1.30 ലക്ഷം കോടിയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. ഫാസ്ടാഗുകൾ വന്നതോടെ ടോൾ പ്ലാസയിൽ വാഹനങ്ങൾ തിങ്ങി നിൽക്കേണ്ട അവസ്ഥ ഒഴിഞ്ഞു. നിലവിൽ 47 സെക്കൻഡിൽ ഒരു വാഹനത്തിന് ടോൾ പ്ലാസ് കടന്നു പോകാൻ സാധിക്കുന്നുവെന്നാണ് കണക്ക്. ഈ സമയം മുപ്പത് സെക്കൻഡിൽ താഴെയാക്കി കുറയ്ക്കാനുള്ള പ്രയത്നത്തിലാണ് ഇപ്പോൾ സർക്കാരെന്നും ഗഡ്കരി പറഞ്ഞു.