സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത അനിമല്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് സമയം തൊട്ടെ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ചിത്രം ഏറ്റുവാങ്ങിയിരുന്നു. രണ്‍ബീര്‍ കപൂര്‍ തൃപ്തി ദിംരി എന്ന നടിയോട് തന്റെ ഷൂ നക്കാന്‍ ആവശ്യപ്പെടുന്ന സീന്‍ വലിയ രീതിയില്‍ വിവാദമായിരുന്നു. ഇപ്പോഴിതാ ആ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി തൃപ്തി ദിംരി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ഞാന്‍ ആരുടെയും ഷൂ ഒരിക്കലും നക്കില്ല. പക്ഷെ അനിമലില്‍ ഉള്ളത് ഞാന്‍ ചെയ്ത ഒരു കഥാപാത്രമാണ്. ഞാന്‍ ഇക്കാര്യം മുന്‍പും പറഞ്ഞിട്ടുണ്ട്. ഇത് എന്റെ ആക്ടിംഗ് ക്ലാസില്‍ നിന്നും ഞാന്‍ പഠിച്ച ഒരു കാര്യമാണ്. നമ്മളെല്ലാം മനുഷ്യരാണെന്ന് നമ്മള് മനസിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യരില്‍ നല്ലതും ചീത്തയും മോശവുമായ ആളുകളുണ്ട്. അതിനാലാണ് ഒരു അഭിനേത്രി എന്ന നിലയില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നുന്നത്.’, തൃപ്തി പറഞ്ഞു.
‘ഈ ജീവിത കാലത്തില്‍ എനിക്ക് എന്റെ നല്ല വശവും ചീത്ത വശവും മോശം വശവും എല്ലാ വികാരങ്ങളും എക്സ്പ്ലോര്‍ ചെയ്യാന്‍ സാധിക്കും. സിനിമയില്‍ കാണിക്കുന്നത് എല്ലാം ശരിയല്ല. അത് കണ്ട് പ്രേക്ഷകര്‍ അത് പോലെ പെരുമാറാനും പാടില്ല. ആ കഥാപാത്രം ആ അവസരത്തില്‍ അങ്ങനെയായിരിക്കും പെരുമാറുന്നത്. പക്ഷെ ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ അങ്ങനെയല്ലല്ലോ. അത് ആ കഥാപാത്രത്തിന്റെ ഒരു മോശം വശം മാത്രമാണ്. അത്രയെ ഉള്ളുവെന്നും’, തൃപ്തി കൂട്ടിച്ചേര്‍ത്തു.