ദോഹ: ജിസിസി രാജ്യങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഖത്തറിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇന്നും ഇന്നലെയും നല്ല മഴ കിട്ടി. ഖത്തറിൻ്റെ തെക്ക് – വടക്കൻ പ്രദേശങ്ങളിലാണ് കാറ്റും മഴയും ശക്തിപ്പെട്ടത്. ദുഖാൻ, അൽ റുവൈസ്, സിമെയ്സ്മെ തുടങ്ങി ഒട്ടുമിക്ക വടക്കൻ പ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ മഴ കനത്തു. ഇടിയോട് കൂടിയ മഴയ്ക്കൊപ്പം കാറ്റും ശക്തിപ്പെട്ടു. കാറ്റ് കനത്തതിനാൽ പലയിടങ്ങളിലും ദൂരക്കാഴ്ച മൂന്ന് കിലോമീറ്ററിനും താഴെയെത്തി.
വടക്കൻ ഖത്തറിൻ്റെ പല ഭാഗങ്ങളിലും ഉച്ചയ്ക്ക് 45 മില്ലി മീറ്റർ വരെ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദോഹ നഗരത്തിലും കാര്യമായി മഴ ലഭിച്ചു. ബുധനാഴ്ച വരെ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.