ദുബായ്: ഒന്നരവർഷം കൊണ്ട് പെയ്യേണ്ട അളവിലുള്ള മഴ മണിക്കൂറുകൾ കൊണ്ട് പെയ്തതോടെയാണ് യുഎഇ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായത്. മരുഭൂമി ചുറ്റി നിൽക്കുന്ന യുഎഇ എമിറേറ്റുകൾക്ക് താങ്ങാവുന്നതിനും അപ്പുറത്തെ ജലമാണ് കുറഞ്ഞസമയം കൊണ്ട് എത്തിയത്. തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ മഴ ആദ്യറൌണ്ട് പെയ്തു തീർന്നപ്പോൾ തന്നെ പ്രധാന ഹൈവേകളും ദുബായ് വിമാനത്താവളവും മെട്രോയും അടക്കം സുപ്രധാന കേന്ദ്രങ്ങളിലെ വെള്ളപ്പൊക്ക ഭീഷണിയുണ്ടായി.
ഇടവേളയ്ക്ക് വീണ്ടും മഴ പെയ്തതോടെ ദുബായ് നഗരം തന്നെ വെള്ളത്തിലാവുന്ന അവസ്ഥയായി. മഴക്കെടുതിയിലെ നാശനഷ്ടം സംബന്ധിച്ച കൃത്യമായ ചിത്രം ഇപ്പോഴും പുറത്തു വന്നിട്ടില്ല. ഏതായാലും ദുബായ് നഗരം സാധാരണ നിലയിലാവാൻ ദിവസങ്ങൾ വേണ്ടി വന്നേക്കാം എന്നാണ് അധികൃതർ പറയുന്നത്. അതേസമയം മഴക്കെടുതിയിലും കാര്യമായ ആൾനാശമില്ലാതെ പോയത് ഭരണകൂടവും സുരക്ഷാസേനകളും പുലർത്തിയ അസാമാന്യ ജാഗ്രതയും സമയബന്ധിതമായി നടത്തിയ രക്ഷാപ്രവർത്തനവും കാരണമാണ്.
തിങ്കളാഴ്ച വൈകിയാണ് യുഎഇയിൽ മഴ ആരംഭിച്ചത്, ദുബായിലെ മണലുകളും റോഡുകളും ഏകദേശം 20 മില്ലിമീറ്റർ (0.79 ഇഞ്ച്) മഴയിൽ കുതിർന്നു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ മഴ അതിശക്തമാവുന്ന നിലയുണ്ടായി. ദുബായ് വിമാനത്താവളം വെള്ളത്തിലായത് ഈ മഴയിലാണ്. പല ഭാഗങ്ങളിലും ആലിപ്പഴ വർഷവും ഇതിനിടെയുണ്ടായി. നിരവധി വാഹനകൾക്ക് ഇതിലൂടെ കേടുപാട് സംഭവിച്ചു. ഒരു വർഷം ശരാശരി 94.7 മില്ലിമീറ്റർ (3.73 ഇഞ്ച്) മഴ പെയ്യുന്ന ദുബായിൽ ചൊവ്വാഴ്ച രാത്രിയോടെ കിട്ടിയത് 142 മില്ലിമീറ്ററിലധികം (5.59 ഇഞ്ച്) മഴയാണ് കിട്ടിയത്. യുഎഇയുടെ കിഴക്കൻ തീരത്തുള്ള എമിറേറ്റായ ഫുജൈറയിലാണ് ചൊവ്വാഴ്ച ഏറ്റവും ശക്തമായ മഴ പെയ്തത്, അവിടെ 145 മില്ലിമീറ്റർ (5.7 ഇഞ്ച്) മഴ പെയ്തു.
ലോകത്തെ പ്രധാന എയർലൈനായ എമിറേറ്റ്സിൻ്റെ ആസ്ഥാനം കൂടിയായ ദുബായ് എയർപോർട്ടിൽ വെള്ളം കയറിയത് ജിസിസിയിലെ ആകെ വ്യോമഗതാഗതത്തെ തന്നെ ബാധിച്ചു. ചൊവ്വാഴ്ച വിമാനങ്ങൾ പലതും ലാൻഡ് ചെയ്തത് വെള്ളക്കെട്ടിലേക്കാണ്. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ വെള്ളം കയറിയതോടെ യാത്രക്കാർക്കും ടെർമിനലുകളിൽ എത്തിച്ചേരാൻ സാധിക്കാത്ത അവസ്ഥയായി. ജീവനക്കാർക്കും വിമാനത്താവളത്തിലേക്ക് എത്താനോ പുറത്ത് പോകാനോ സാധിക്കാതെ വന്നതോടെ സർവ്വീസുകൾ പലതും റദ്ദാക്കുന്നതിലേക്ക് കാര്യങ്ങളെത്തി. യാത്രക്കാർക്കുള്ള ചെക്ക്-ഇൻ ബുധനാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി വരെ താൽക്കാലികമായി നിർത്തിവച്ചതായി എമിറേറ്റ്സ് അറിയിച്ചു.
ദുബായ് നഗരത്തിൽ പോലീസും എമർജൻസി ജീവനക്കാരും തിങ്കളാഴ്ച മുതൽ കർമനിരതരാണ്. വൈദ്യുതി തടസ്സം നേരിട്ട മേഖലകളിൽ എമർജൻസിലൈറ്റുമായി എത്തിയാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. പല വീടുകളിലും വെള്ളം കയറി. നൂറുകണക്കിന് വാഹനങ്ങളാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ദുബായ് മെട്രോ സർവ്വീസും മുടങ്ങുന്ന നിലയുണ്ടായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ടവറിൽ ഇടയ്ക്കിടെ മിന്നൽ എത്തിയ കാഴ്ചയും ഇതിനിടെ കണ്ടു.
കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി യുഎഇയിലെ എല്ലാ സ്കൂളുകൾക്കും അവധി നൽകുകയോ അധ്യയനം ഓൺലൈനാക്കുകയോ ചെയ്തിരുന്നു. അവശ്യവിഭാഗങ്ങളിലൊഴികെ മുഴുവൻ സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. സ്വകാര്യ മേഖലയ്ക്കും വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിരുന്നു.
റാസൽ-ഖൈമയിൽ, വെള്ളപ്പൊക്കത്തിൽ വാഹനം ഒലിച്ചുപോയതിനെത്തുടർന്ന് വാഹനത്തിലുണ്ടായിരുന്ന 70 വയസ്സുകാരൻ മരിച്ചതായി പോലീസ് പറഞ്ഞു. ഇതല്ലാതെ വേറെ മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടർന്നുണ്ടായ വൈദ്യുതി തടസ്സം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പലയിടത്തും ജലവിതരണവും തടസ്സപ്പെട്ടു. വെള്ളം പമ്പ് ചെയ്യുന്നതിനായി അധികൃതർ ടാങ്കർ ട്രക്കുകൾ തെരുവുകളിലേക്കും ഹൈവേകളിലേക്കും അയച്ചു. വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങളിൽ ജനങ്ങൾ അധികൃതർ മുൻകൈയ്യെടുത്ത് ഒഴിപ്പിച്ചു.
യുഎഇയിലെ വരണ്ട കാലാവസ്ഥയിൽ മഴ അപൂർവ്വമാണ്. ശൈത്യകാലത്ത് ഇടയ്ക്ക് പെയ്യുന്നതൊഴിച്ചാൽ യുഎഇയിൽ മഴയുടെ വരവ് കുറവാണ്. സ്ഥിരമായി മഴ പെയ്യാത്തതിനാൽ ഭൂരിഭാഗം റോഡുകളിലും പ്രദേശങ്ങളിലും കൃത്യമായ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. യുഎഇയെ കൂടാതെ ജിസിസിയിലാകെ കനത്ത മഴ തുടരുകയാണ്. ഒമാൻ, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും മഴ തുടരുകയാണ്. ഒമാനിൽ മാത്രം കനത്ത മഴയിൽ 18 പേർ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.