യു.എ.ഇ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം എയർ ആംബുലൻസ് വഴി റിയാദിലെത്തിച്ചു. റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ രോഗിയ്ക്കാണ് അവയവം മാറ്റിവെച്ചത്. ഒരു മാസത്തിനിടെ യു എ ഇ യിൽ നിന്ന് കിംഗ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ രോഗിയിലേക്ക് മാറ്റിവെക്കുന്ന രണ്ടാമത്തെ ശസ്ത്രക്രിയയാണിത്. ഈ മാസം ആദ്യം സമാന രീതിയിലുള്ള ആദ്യത്തെ ഓപ്പറേഷന് നടത്തിയിരുന്നു.
സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനുമായും യു.എ.ഇയിലെ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമുമായും (ഹയാത്ത്) എയര്‍ ആംബുലന്‍സ് വിഭാഗവുമായും സഹകരിച്ചുമായിരുന്നു അവയവ മാറ്റം നടത്തിയത്. മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ബന്ധുക്കളുടെ അനുമതി വാങ്ങിയും നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയുമാണ് യു.എ.ഇയിലെ രോഗിയില്‍ നിന്ന് നീക്കം ചെയ്ത ഹൃദയം റെക്കോര്‍ഡ് സമയത്തിനകം റിയാദിലെത്തിച്ചത്.
റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നുള്ള കാര്‍ഡിയാക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ഫൈസല്‍ അല്‍അംരിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അബുദാബി ക്ലെവ്ലാന്റ് ആശുപത്രിയില്‍ എത്തിയിരുന്നത്. മസ്തിഷ്ക മരണം സംഭവിച്ച 38 കാരനായ രോഗിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഹൃദയം നീക്കം ചെയ്തത്.
എയർ ആംബുലൻസ് വഴി രാവിലെ 11.30 ന് റിയാദിൽ ആശുപത്രിയിലെത്തിയ ഹൃദയം ഉടന്‍ തന്നെ 54 കാരനായ രോഗിയിൽ ശസ്ത്രക്രിയ ആരംഭിച്ച് വിജയകരമായി മാറ്റിവച്ചു. അഞ്ചു മണിക്കൂറാണ് ശസ്ത്രക്രിയ്യയ്ക്ക് എടുത്ത സമയം. ദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഇതുവരെ 428 ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.