മുംബൈ: ഓവർ ബുക്കിംഗിനെ തുടർന്ന് മുംബൈയിൽ ഇൻഡിഗോ വിമാനത്തിൻ്റെ യാത്ര വൈകി. മുംബൈയിൽ നിന്നും വാരണാസിയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ടിൽ റൺവേയിൽ പോയി തിരികെ പോന്നത്. ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങിയ വിമാനത്തിൽ ഒരു യാത്രക്കാരൻ സീറ്റില്ലാതെ നിൽക്കുന്നത് ക്യാബിൻ ക്രൂ കണ്ടതോടെയാണ് വിമാനം തിരികെ എത്തിയത്.
ചൊവ്വാഴ്ച രാവിലെ 7:50 ഓടെ 6E 6543 ഇൻഡിഗോ വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുമ്പോൾ ആണ് ഒരു പുരുഷ യാത്രക്കാരൻ വിമാനത്തിൻ്റെ പിൻഭാഗത്ത് നിൽക്കുന്നത് ക്യാബിൻ ക്രൂ കണ്ടത്. ജീവനക്കാർ പൈലറ്റിന് മുന്നറിയിപ്പ് നൽകിയതോടെ വിമാനം ടെർമിനലിലേക്ക് മടങ്ങിയെത്തി.
അതേസമയം ഒരു സ്റ്റാൻഡ് ബൈ പാസഞ്ചർക്ക് അബദ്ധവശാൽ ടിക്കറ്റ് കിട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഇൻഡിഗോ എയർലൈൻ പ്രതികരിച്ചു. മറ്റൊരു യാത്രക്കാരന് അനുവദിച്ച സീറ്റാണ് സ്റ്റാൻഡ് ബൈ പാസഞ്ചർക്ക് കിട്ടിയത്. വിമാനം പുറപ്പെടുന്നതിന് മുൻപേ തന്നെ ഈ പ്രശ്നം തിരിച്ചറിയുകയും സ്റ്റാൻഡ് ബൈ യാത്രക്കാരനെ തിരികെ ഇറക്കുകയും ചെയ്തു – കമ്പനി വ്യക്തമാക്കി.
ഒഴിഞ്ഞ സീറ്റുകളുമായി പുറപ്പെടുന്നത് ഒഴിവാക്കാൻ എയർലൈനുകൾ പലപ്പോഴും ഫ്ലൈറ്റുകൾ ഓവർബുക്ക് ചെയ്യുന്നത് പതിവാണ്. ഈ രീതിയാണ് ഈ അസാധാരണമായ അവസ്ഥയ്ക്ക് കാരണമെന്നാണ് കരുതുന്നത്. “വിമാനം ബേയിലേക്ക് മടങ്ങി, യാത്രക്കാരൻ ഓഫ്ലോഡ് ചെയ്തു. വിമാനക്കമ്പനി ജീവനക്കാർ എല്ലാ യാത്രക്കാരുടെയും ക്യാബിൻ ബാഗേജ് പരിശോധിച്ചു, ഒരു മണിക്കൂറെങ്കിലും വൈകിയാണ് പിന്നെ വിമാനം പുറപ്പെട്ടത് – വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പറയുന്നു.
ടിക്കറ്റുള്ള യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചാൽ ഡിജിസിഎ ചട്ടപ്രകാരം എയർലൈൻ കമ്പനിക്ക് പിഴ ചുമത്തും. ഡിജിസിഎയുടെ 2016-ലെ സിവിൽ ഏവിയേഷൻ ചട്ടങ്ങൾ അനുസരിച്ച്, ഷെഡ്യൂൾ ചെയ്ത പുറപ്പെടുന്നതിന് ഒരു മണിക്കൂറിനകം സീറ്റ് നിഷേധിക്കപ്പെട്ട യാത്രക്കാരന് ബദൽ വിമാനം ക്രമീകരിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. എന്നാൽ, 24 മണിക്കൂറിനുള്ളിലാണ് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതെങ്കിൽ കനത്ത പിഴ യാത്രക്കാരന് നഷ്ടപരിഹാരമായി നൽകേണ്ടി വരും.