ഏറ്റവും പുതിയ ഐഫോൺ 14 ഇന്ത്യയിലും നിർമ്മിക്കാനൊരുങ്ങി ആപ്പിൾ. സ്മാർട്ഫോൺ നിർമാണ മേഖലയിൽ ചൈനയ്ക്കാണ് ലോകത്തിൽ ഒന്നാം സ്ഥാനം. എന്നാൽ രണ്ടാം സ്ഥാനം ആർക്കെന്ന ആഗോള ടെക് ടൈറ്റന്റെ തർക്കത്തിന് മറുപടിയെന്നോണമാണ് ആപ്പിളിന്റെ ഈ പുതിയ തീരുമാനമെന്നാണ് സൂചന. 2017 ൽ ഐഫോൺ എസ് ഇ യിലൂടെയാണ് ആപ്പിൾ ഇന്ത്യയിൽ ആദ്യമായി ഐഫോൺ നിർമാണം ആരംഭിച്ചത്.
സെപ്റ്റംബർ ആദ്യ വാരത്തിലാണ് ആപ്പിൾ അവരുടെ പുതിയ ഐഫോൺ സീരിസായ ഐഫോൺ 14 പ്ലസ്, പ്രോ, പ്രോമാക്സ് എന്നിവ പുറത്തിറക്കിയത്. ഐഫോൺ 12, ഐഫോൺ 13 എന്നീ ഐഫോൺ സീരിസുകളും രാജ്യത്ത് നിർമിക്കുന്നുണ്ട്. അതേസമയം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ 14 ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ വിപണിക്കും കയറ്റുമതിക്കും വേണ്ടിയുള്ളതായിരിക്കും ഇന്ത്യയിൽ നിർമിക്കുന്ന ഫോണുകൾ എന്നാണ് ആപ്പിൾ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2022 അവസാനം മുതൽ ഐഫോൺ 14 ഉത്പാദനത്തിന്റെ അഞ്ച് ശതമാനം ഇന്ത്യയിലേക്ക് മാറ്റും. 2025 ഓടെ 25 ശതമാനമായി ഉയരാനും സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.