ദില്ലി: സാമ്പത്തിക വർഷത്തിൻറെ അവസാനത്തോടെ നഷ്ടത്തിലായ അരഡസനോളം വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൻറെ മൂന്നാം ഘട്ടമാണിത്. 11 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കും എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട്.
ഈ 11 വിമാനത്താവളങ്ങൾ അവസാനത്തെ ഒൻപത് മാസത്തിൽ ഏകദേശം 13.5 ദശലക്ഷം ആഭ്യന്തര യാത്രക്കാരെയും 2.4 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരെയും കൈകാര്യം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തെ ആകെ ആഭ്യന്തര വ്യോമ ഗതാഗതത്തിൻറെ 10 ശതമാനവും അന്താരാഷ്ട്ര ഗതാഗതത്തിൻറെ ഏകദേശം 4 ശതമാനവും വരും.
വാണിജ്യപരമായി ലാഭത്തിലുള്ള വാരണസി വിമാനത്താവളവും സ്വകാര്യവത്കരണ പട്ടികയിലുണ്ട്. നഷ്ടത്തിലോടുള്ള യുപിയിലെ കുശിനഗർ ബിഹാറിലെ ഗയ വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കും. ബുദ്ധമതതീർത്ഥാടകർക്ക് ഏറെ പ്രധാനപ്പെട്ട കേന്ദ്രമാണ് ഗയ. ഒഡീഷയിലെ ഭുവനേശ്വർ, പഞ്ചാബിലെ അമൃത്സർ, കർണാടകയിലെ ഹുബ്ലി, കാംഗ്ര, റായ്പൂർ, തിരുച്ചിറപ്പള്ളി , ഔറംഗാബാദ്, തിരുപ്പതി എന്നിവയാണ് സ്വകാര്യവത്കരിക്കുന്ന മറ്റു വിമാനത്താവളങ്ങൾ.
അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഇവയിൽ പല വിമാനത്താവളങ്ങളും ഏറ്റെടുക്കാൻ രംഗത്തുണ്ട് എന്നാണ് സൂചന. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ഓപ്പറേറ്റാണ് അദാനി എയർപോർട്ട് ഹോൾഡിംഗ്സ്. രണ്ടാം ഘട്ട വിമാനത്താവള സ്വകാര്യവത്കണത്തിൽ ആറ് തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ അദാനി ഏറ്റെടുത്തിരുന്നു. ഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളമടക്കം നിരവധി വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശമുള്ള ജിഎംആർ എയർപോർട്ട് ലിമിറ്റഡും മത്സരരംഗത്തുണ്ട്.
നിലവിൽ കേന്ദ്രസർക്കാർ സ്ഥാപനമായ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് ഈ വിമാനത്താവളങ്ങളെല്ലാം. ഒരു യാത്രക്കാരന് ഇത്ര രൂപ എന്ന തരത്തിൽ ഏറ്റവും കൂടുതൽ തുക ലേലത്തിൽ ക്വോട്ട് ചെയ്യുന്നവർക്കാണ് നടത്തിപ്പ് അവകാശം ലഭിക്കുക. കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നുവെങ്കിലും മൂന്നാം ഘട്ട പട്ടികയിൽ കോഴിക്കോടില്ല. റണ് വേ വികസനം പൂർത്തിയായ ശേഷം കോഴിക്കോടും സ്വകാര്യവത്കരിക്കാനാണ് സാധ്യത.