ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റില്‍ മധ്യവര്‍ഗത്തിന് നിരാശ. പഴയ നികുതി നിരക്കിൽ കാര്യമായ മാറ്റമൊന്നും ബജറ്റിൽ ഇല്ല. എന്നാൽ പുതിയ നികുതി നിരക്കുകളിൽ ചില മാറ്റങ്ങളുണ്ടെങ്കിലും അവ എല്ലാവർക്കും ഗുണകരമാവില്ലെന്ന വിമർശനവും ശക്തമാണ്.
പുതിയ നികുതി സംവിധാനത്തിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല. മൂന്ന് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവർക്ക് അഞ്ച് ശതമാനം നികുതിയാണ് നല്‍കേണ്ടത്. എങ്കിലും സ്റ്റാന്റേര്‍ഡ് ഡിഡക്ഷൻ ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ നിലവില്‍ ആദായ നികുതി അടക്കേണ്ടി വരില്ല.
ഏഴ് ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 10 ശതമാനം നികുതിയാണ് നല്‍കേണ്ടത്. 10 മുതല്‍ 12 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ 15 ശതമാനം നികുതിയടക്കണം. 15 ലക്ഷത്തിന് മുകളിലാണ് ശമ്പളമെങ്കില്‍ 30 ശതമാനം എന്ന നിലവിലെ നികുതി തുടരും. ഫലത്തില്‍ പുതിയ നികുതി നിരക്കിൽ വന്നവര്‍ക്ക് 17500 രൂപ വരെ ലാഭിക്കാമെന്ന് ധനമന്ത്രി പറയുമ്പോഴും ഇത് നികുതിദായകര്‍ക്ക് വലിയ സന്തോഷമോ സഹായമോ നൽകുന്നില്ല.
വാർഷിക വരുമാനം നികുതി
3 ലക്ഷം വരെ 0
3 മുതൽ 5 ലക്ഷം വരെ 3 ശതമാനം
5 മുതൽ 7 ലക്ഷം വരെ 5 ശതമാനം
7 മുതൽ 10 ലക്ഷം വരെ 10 ശതമാനം
10 മുതൽ 12 ലക്ഷം വരെ 12 ശതമാനം
12 മുതൽ 15 ലക്ഷം വരെ 15 ശതമാനം
15 മുതൽ 20 ലക്ഷം വരെ 20 ശതമാനം
20 ലക്ഷത്തിന് മുകളിൽ 30 ശതമാനം
അതേസമയം കേന്ദ്ര ബജറ്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉല്‍പ്പന്നങ്ങളുടെയും വില കുറയാൻ കാരണമാകുന്നത്. മൊബൈല്‍ ഫോണിൻ്റെയും ചാര്‍ജറിൻ്റെയും കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കസ്റ്റംസ് തീരുവ കുറച്ചു. ലെതര്‍, തുണിത്തരങ്ങള്‍ എന്നിവയാണ് വില കുറയുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ മൂന്ന് ഉല്പന്നങ്ങള്ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീററയ്ക്ക് ഉള്‍പ്പടെ വില കുറയും. ക്യാൻസർ രോഗത്തിന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മൂന്ന് മരുന്നുകള്‍ക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.