വയനാട്ടിലെ രാഹുൽ ഗാന്ധി എം പി യുടെ ഓഫീസിലെ ഗാന്ധി പ്രതിമ തകർത്ത കേസിൽ നാല് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എം പി യുടെ പേർസണൽ അസിസ്റ്റന്റ് രതീഷ് കുമാർ, സ്റ്റാഫ് രാഹുൽ എസ് ആർ, കോൺഗ്രസ് പ്രവർത്തകരായ മുജീബ് നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.
427, 153 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. എം പി യുടെ ഓഫീസിലേക്ക് എസ് എഫ് ഐ നേതാക്കൾ നടത്തിയ മാർച്ചിൽ ഓഫീസിലെ ചുമരിൽ തൂക്കിയിരുന്ന ഗാന്ധിയുടെ പ്രതിമ തകർക്കപെട്ടിരുന്നു. എസ് എഫ് ഐ നേതാക്കൾ തകർത്തു എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നത്. എന്നാൽ കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ് ചിത്രം തകർത്തതെന്നതിന് ഫോട്ടോ തെളിവ് സഹിതമാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ജൂൺ 24 നായിരുന്നു എസ് എഫ് ഐ നേതാക്കൾ രാഹുൽ ഗാന്ധി എം പി യുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു സിവിൽ സ്റ്റേഷനിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ സാധനങ്ങൾ അടിച്ചുതകർത്തിരുന്നു. പിന്നീട് നടന്ന എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി യോഗത്തിൽ എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തിരുന്നു.