വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച സംഭവത്തിൽ കൂട്ടസസ്പെൻഷൻ. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളേയുമാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സിദ്ധാർത്ഥന് മർദ്ദനമേൽക്കുമ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളേയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. മർദ്ദന വിവരം അധികൃതരെ അറിയിച്ചില്ല എന്നതിൻ്റെ പേരിലാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. സംഭവസമയം ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥികളേയും സസ്പെൻഡ് ചെയ്തു.
ഹോസ്റ്റലിലെ 31 വിദ്യാർത്ഥികൾ ചേർന്നാണ് സിദ്ധാർത്ഥനെ റാഗ്ഗ് ചെയ്തതെന്ന് നേരത്തെ ആൻ്റി റാംഗിംഗ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ നേരിട്ട് സിദ്ധാർത്ഥനെ കൈകാര്യം ചെയ്ത 19 പേരെ കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും ഇതിനോടകം പുറത്താക്കിയിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് സിദ്ധാർത്ഥൻ ആവശ്യപ്പെട്ടിട്ടും സഹായിക്കാതിരുന്ന രണ്ട് പേരേയും പുറത്താക്കിയിട്ടുണ്ട്. ആകെ 130 വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. തെളിവെടുപ്പ് നടക്കുന്നതിനാൽ വിദ്യാർത്ഥികളെയാരേയും ഹോസ്റ്റൽ വിട്ടു വീട്ടിൽ പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പൊലീസ് നിർദേശ പ്രകാരമാണ് ഈ നടപടികളെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രതികളെല്ലാം പിടിയിലായതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പെൺകുട്ടികൾക്ക് പുറത്തു പോകാൻ തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.