ഫെബ്രുവരി ആറിന് പുലർച്ചെ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് തുർക്കിയിലെ ചില പ്രദേശങ്ങളെ ഒന്നാകെ വൻ ഭൂകമ്പം മണ്ണിനടിയിലാക്കി. അരലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമായ വിപത്തിന്റെ ഓർമകളിൽ നിന്ന് ഉണരാൻ ഇനിയും സമയമെടുക്കും. അതേസമയം ദുരന്ത ബാധിതരെ സാദാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും നാടുകളെ പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതിനിടെ ഭൂകമ്പ ബാധിതരായവർക്ക് വേറിട്ട സഹായവുമായി തുർക്കിയിലെ ക്ലബും ആരാധകരും രംഗത്തുവന്നു. കഴിഞ്ഞ ദിവസം തുർക്കി സൂപർ ലീഗിൽ ബെസിക്റ്റാസും അൻറ്റാലിയസ്പോറും തമ്മിൽ നടന്ന മത്സരത്തിനിടയിലായിരുന്നു സഹായപ്രവാഹം. ദുരന്തത്തിനിരയായ പ്രദേശങ്ങളിലെ കുഞ്ഞുങ്ങൾക്ക് നൽകുന്നതിനായി ഒരു കൂട്ടം പാവകൾ സ്വരൂപിച്ചാണ് ആരാധകർ അദ്ഭുതപ്പെടുത്തിയത്.
Beşiktaş fans throw thousands of stuffed toys onto pitch as a donation to children affected by earthquakes… #Turkey pic.twitter.com/0VHNOaGlQV
— Cagil M. Kasapoglu (@CagilKasapoglu) February 26, 2023
കളി തുടങ്ങി നാലു മിനിറ്റ് പിന്നിട്ടപ്പോൾ കളി നിർത്തിവച്ചു. ഗാലറിയിലിരുന്നവരെല്ലാം കൈയിൽ കരുതിയ വിവിധ രൂപത്തിലുള്ള പാവകൾ താഴെ മൈതാനത്തേക്ക് എറിഞ്ഞു നൽകി. ഗ്രൗണ്ടിന് ചുറ്റും കുമിഞ്ഞുകൂടിയത് ആയിരക്കണക്കിന് പാവകളാണ്. അതോടൊപ്പം മറ്റു പല വസ്തുക്കളും ജനം ഗ്രൗണ്ടിലേക്ക് എറിഞ്ഞു. എല്ലാം പൂർത്തിയായതോടെ വസ്തുക്കളെല്ലാം ബന്ധപ്പെട്ടവർ സമാഹരിച്ചു. ഇവയെല്ലാം പിന്നീട് ദുരന്ത ബാധിത മേഖലകളിൽ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.