ദില്ലി: അതിവേഗപ്പാതകളിലെ ടോൾ പിരിവിന് നിലവിലുള്ള ഫാസ് ടാഗ് സംവിധാനം പിൻവലിക്കുമെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. മെയ് ഒന്ന് മുതൽ ഫാസ് ടാഗിന് പകരം ഉപഗ്രഹാധിഷ്ഠിത ടോൾ പിരിവ് ആരംഭിക്കുമെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ നിലവിലുള്ള ഫാസ്ടാഗ് സംവിധാനം തുടരുമെന്നും സാറ്റലൈറ്റ് ടോൾ കളക്ഷൻ സംവിധാനം ഉടനെ നടപ്പാക്കാൻ പദ്ധതിയില്ലെന്നും ഗതാഗതമന്ത്രാലയം ഇന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗനിഷൻ സംവിധാനം കൂടി ഉൾപ്പെടുത്തി ഫാസ് ടാഗിനെ നവീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തെരഞ്ഞെടുത്ത ടോൾ പ്ലാസകളിൽ ഉടനെ തന്നെ ഈ സംവിധാനം നിലവിൽ വരുമെന്നും പ്രസ്താവനയിൽ പറയുന്നു. ടോൾപ്ലാസകളിൽ വാഹനം നിർത്തിയിടേണ്ട അവസ്ഥ ഒഴിവാക്കാം എന്നതാണ് ഇതിൻ്റെ ഗുണം.
അത്യാധുനിക ക്യാമറകൾ ഉപയോഗിച്ചാവും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗനിഷൻ സംവിധാനം പ്രവർത്തിക്കുക. ഫാസ്ടാഗ് റീഡ് ചെയ്യുന്നതിനൊപ്പം വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് കൂടി പരിശോധിച്ച് വാഹനം നിർത്താതെ ടോൾ പിരിക്കാനാണ് പുതിയ ഹൈബ്രിഡ് മോഡലിലൂടെ ലക്ഷ്യമിടുന്നത്.
ഭാവിയിലേക്കുള്ള ടോൾ പിരിവ് ജിപിഎസ് സംവിധാനം ഉപയോഗിച്ചാവാമെനന്നും എന്നാൽ ഇതു രാജ്യവ്യാപകമായി നടപ്പാക്കാൻ കൂടുതൽ തയ്യാറെടുപ്പും സമയവും അനിവാര്യമാണെന്നുുള്ള വിലയിരുത്തലിലാണ് ഗതാഗതമന്ത്രാലയം. വാഹനങ്ങളെ ഉപഗ്രഹങ്ങൾ വഴി നിരീക്ഷിക്കുന്നത് ആളുകളുടെ സ്വകാര്യത ലംഘിക്കുമെന്ന വിമർശനം ഗതാഗതമന്ത്രാലയത്തിന് മുന്നിലുണ്ട്.