തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം നല്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ആരോഗ്യ വകുപ്പ് നടത്തിയ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനുമാണിതെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്നും അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.
എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുള്ളത്. ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ പറഞ്ഞു. ആവശ്യത്തിന് ഐസൊലേഷന്‍, ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്കി.
അതേസമയം മരണ കണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു.