സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ചെയര്മാന് സ്ഥാനത്ത് ഇരുന്ന് ഈ അക്കാദമിയുടെ ചെയര്മാന് പൊസിഷനില്‍ ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന സംസാരമാണ് രഞ്ജിത്ത് നടത്തിയത്. ഇത്രയും നന്നായി നടക്കുന്ന ഫെസ്റ്റിവലിന് ആകെ ഉള്ള കല്ലുകടി എന്ന് പറയുന്നത് അസ്ഥാനത്ത് വലിയ തോതിലുള്ള അസംബന്ധങ്ങളും വിവരക്കേടും നടത്തുന്നതാണെന്നും അക്കാദമി കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു.
ആര്‍ടിസ്റ്റുകളെ മ്ലേച്ഛമായ രീതിയല്‍ അവഹേളിക്കുകയാണ്. ആര്‍ടിസ്റ്റുകള്‍ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ടാകാം.അതിനെ പുച്ഛ് തള്ളുന്ന സമീപനം, ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷനല്ല. ഇത് ചലച്ചിത്ര അക്കാദമിയാണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി കൗണ്‍സിലിന് ചെയര്‍മാനോട് വിധേയത്വം ഇല്ല. അക്കാദമിയോടും സര്‍ക്കാരിനോടുമാണ് ബഹുമാനം ഉള്ളതെന്നും അദ്ദേഹം പറഞ്ഞത്.
ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗങ്ങളുടെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്
ചെയര്‍മാനോട് വിധേയത്വം ഇല്ല. അക്കാദമിയോടും സര്‍ക്കാരിനോടുമാണ് ബഹുമാനം ഉള്ളത്. വളരെ നല്ല രീതിയില്‍ ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് സമാപിക്കുകയാണ്. എല്ലാവരും രാവും ജോലി ചെയ്താണ് നടത്തുന്നത്. ചെയര്‍മാന്റെ ധാരണ, മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ ഇങ്ങനെ നടക്കുന്നത് എന്നാണ്. ഇത്രയും നന്നായി നടക്കുന്ന ഫെസ്റ്റിവലിന് ആകെ ഉള്ള കല്ലുകടി എന്ന് പറയുന്നത് അസ്ഥാനത്ത് വലിയ തോതിലുള്ള അസംബന്ധങ്ങളും വിവരക്കേടും നടത്തുന്നതാണ്. അക്കാദമിയുടെ ചെയര്‍മാനായി കൊണ്ട് തന്നെയാണ് അദ്ദേഹം പറഞ്ഞത്, കമേഷ്യല്‍ സിനിമ, അക്കാദമി സിനിമ, ആളുകാണാത്ത സിനിമ, എന്നൊക്കെ പറഞ്ഞിട്ട് ഇതിന് സമൂഹത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്. അങ്ങനെ പറയുന്നവര്‍ മണ്ടന്മാര് ആണെന്നാണ് രഞ്ജിത്തിന്റെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ അക്കാദമിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സിനിമ ഒരു കല എന്ന നിലയില്‍ അതിനെ വളര്‍ത്തുക, സാമൂഹ്യമായി അതിനെ ബന്ധപ്പെടുത്തുക എന്നതൊക്കെ.
ഈ അക്കാദമിയുടെ ചെയര്മാന് പൊസിഷനില്‍ ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന സംസാരമാണ് അദ്ദേഹം നടത്തിയത്. പലരീതിയില്‍ ഈ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദ പൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ഇത് തന്നെയാണ് തുടരുന്നത്. പിന്നെ ആര്‍ടിസ്റ്റുകളെ മ്ലേച്ഛമായ രീതിയല്‍ അവഹേളിക്കുകയാണ്. ആര്‍ടിസ്റ്റുകള്‍ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ടാകാം.അതിനെ പുച്ഛ് തള്ളുന്ന സമീപനം, ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷനല്ല. ഇത് ചലച്ചിത്ര അക്കാദമിയാണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല.
കുക്കു പരമേശ്വരന് പരാതിയില്ല. അവര്‍ മീറ്റിംഗില്‍ പങ്കെടുത്തില്ല എന്ന് പറഞ്ഞു. പക്ഷെ അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളത്തരമാണ് രഞ്ജിത്ത് പറഞ്ഞത്. ഉള്ളവര്‍ മീറ്റിംഗ് കൂടി തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം പത്രസമ്മേളനം വിളിക്കുന്നതിന്റെ തൊട്ടു് മുന്നത്തെ റൂമില്‍ ഞങ്ങള്‍ ഉണ്ട്. എന്താണ് പ്രശ്നം എന്നൊന്നും ഞങ്ങളോട് ചോദിച്ചിട്ടില്ല. ഇത്തരത്തില്‍ കള്ളങ്ങള്‍ പറയുന്നത് അക്കാദമിക്ക് ഭൂഷണമല്ല. സര്‍ക്കാരിനും അക്കാദമിക്കും അപകീര്‍ത്തിയുണ്ടാക്കുകയാണ് ചെയര്മാന്.
ഞങ്ങളാരും അക്കാദമിക്കെതിരല്ല. പക്ഷെ ചെയര്മാന് കാണിക്കുന്ന വളരെ ബോര് ആയ മാടമ്പിത്തരത്തിനാണ് എതിര് നില്‍ക്കുന്നത്. ഒന്നുകില്‍ അദ്ദേഹം തെറ്റു തിരുത്തണം, അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. പറഞ്ഞ കാര്യങ്ങളില്‍ സ്ട്രോംഗ് ആയിട്ടാണ് നില്‍ക്കുന്നത്.