യുഎഇ: : ദുബായ് മാളിലെ സന്ദർശകരെ ലക്ഷ്യമിട്ട് നാലംഗ പോക്കറ്റടി സംഘത്തെ രഹസ്യാന്വേഷണ സംഘം അറസ്റ്റ് ചെയ്തു.നാല് പേരടങ്ങുന്ന സംഘത്തെ 2024 മാർച്ച് 6 ന് ദുബായ് പോലീസാണ് പിടികൂടിയത്.
കാൽനടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന തിരക്കേറിയ റോഡുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം വർധിച്ചിരുന്നു. തുടർന്നാണ് ദുബായ് ഓഫീസർമാരുടെ സംഘം രൂപീകരിച്ചത്
നഗരത്തിൻ്റേയും ഇവിടെയെത്തുന്ന സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ പോലീസുകാർ ജനക്കൂട്ടവുമായി ഇടപഴകി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പ്രോസിക്യൂഷൻ രേഖകൾ വ്യക്തമാക്കുന്നു. മൊബൈൽ ഫോണുകളും, വിലപിടിപ്പുളള വസ്തുക്കളുമാണ് സംഘം മോഷ്ടിച്ചത്. സംഭവദിവസം മാളിലെ ഫൗണ്ടൻ ഏരിയയാണ് ഇവർ ലക്ഷ്യമിട്ടത്.
കൃത്യസമയത്തുണ്ടായ പോലീസ് ഇടപെടലിലൂടെ പ്രതികൾ പിടിയിലാവുകയായിരുന്നു. വലിയ ഷോപ്പിംഗ് സെൻ്ററുകൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിക്കാൻ പ്രതികൾ ഒരു ക്രിമിനൽ സംഘം രൂപീകരിച്ചതായി ജഡ്ജിമാർ കണ്ടെത്തി. ദുബായ് ക്രിമിനൽ കോടതിയിൽ ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി ഒരു മാസം വീതം തടവിന് ശിക്ഷിക്കുകയും തുടർന്ന് നാടുകടത്താൻ കോടതി ഉത്തരവിടുകയുമായിരുന്നു.