ദുബായ്: ഇടവിട്ടുള്ള മഴയും ഇടിയും മിന്നലും കണക്കിലെടുത്ത് ദുബായിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം. സ്വകാര്യ മേഖലയിലെ കമ്പനികൾ മഴയുടെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് യുഎഇ മാനവവിഭവശേഷി – പ്രവാസികാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഔട്ഡോർ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശിക്കണമെന്നും മന്ത്രാലയത്തിൻ്റെ ഉത്തരവിൽ പറയുന്നു. ജോലി ആവശ്യത്തിനായി യാത്ര ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും കമ്പനികൾക്ക് നിർദേശമുണ്ട്.
പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്ത് യുഎഇ സർക്കാർ എല്ലാ സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു. ജോലിസ്ഥലത്ത് ഹാജരാകേണ്ട ജോലികൾ ഒഴികെ, ദുബായ് എമിറേറ്റിലെ എല്ലാ സർക്കാർ ഏജൻസികളിലെയും ജീവനക്കാരെ ഉൾപ്പെടുത്തിയാണ് തീരുമാനം.
ഏഴ് എമിറേറ്റുകളിൽ ആറിലും മിന്നലോടും ഇടിയോടും കൂടി സാമാന്യം ശക്തമായ മഴ പെയ്തതിനാൽ യുഎഇ നിവാസികൾക്ക് പ്രതികൂല കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ മഴ പെയ്തതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
ഇടി, മിന്നൽ, ആലിപ്പഴ വർഷം എന്നിവയ്ക്കൊപ്പം ശക്തമായ മഴയ്ക്കും കാറ്റിനും രാജ്യം സാക്ഷ്യം വഹിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോശം കാലാവസ്ഥാ റോഡുകളിലെ വിദൂരക്കാഴ്ചയേയും ബാധിക്കുന്നുണ്ടെന്നും അതിനാൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും വിവിധ പൊലീസ് – ട്രാഫിക് ഏജൻസികൾ അറിയിച്ചു. ഫെബ്രുവരി 12 തിങ്കളാഴ്ച വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറാൻ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക KHDA നിർദ്ദേശം നൽകിയിട്ടുണ്ട്.