ദുബായ്: ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. പോയ വർഷത്തെ അപേക്ഷിച്ച് നിരവധി പ്രത്യേകതകളോടെയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ നടക്കുക.ജനുവരി 14 വരെ നടക്കുന്ന ഫെസ്റ്റിവലിൽ 8 മുതൽ 14 വരെ എല്ലാ ദിവസവും പ്രത്യേക ഡ്രോൺ ഷോകൾ സംഘടിപ്പിക്കും. എണ്ണൂറിലധികം ഡ്രോണുകൾ ബ്ലൂവാട്ടറിന് മുകളിൽ ദിവസവും 2 തവണ ഡ്രോൺ ഷോകൾ നടത്തും.
ദുബായ് ഗോൾഡ് സൂഖ്, വെസ്റ്റ് ബീച്ച് പാം ജുമൈറ, അൽ സീഫ് എന്നിവിടങ്ങളിൽ ഇല്ലസ്റ്റേഷനുകളും സ്ഥാപിക്കും. ദുബായ് ക്രീക്കിനെ കൂടുതൽ മനോഹരിയാക്കാൻ അബ്രകളിൽ നിയോൺ ലൈറ്റുകൾ സ്ഥാപിക്കും. 38 ദിവസം ദൈർഘ്യമുള്ള ഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഫെസ്റ്റിവലായാണ് കണക്കാക്കുന്നത്. ഷോപ്പിംഗ് ഫെസ്റ്റിവലിനെ കൂടുതൽ ജനകീയമാക്കാൻ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുന്നതിലും സംഘാടകർ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്.