പൊളിറ്റിക്കല്‍ കറക്ടനസ് സിനിമയിലും സമൂഹത്തിലും വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് സംവിധായകന് കമല്‍. വിവേകാനന്ദന് വൈറലാണ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
കമല്‍ പറഞ്ഞത് :
80കളിലും 90കളിലും സിനിമ മറ്റൊരു ലോകമായിരുന്നു. റിയാലിറ്റിയുമായി ബന്ധമില്ലാത്ത സിനിമാക്കാര് ഉണ്ടാക്കിയെടുത്ത ഒരു ലോകം. അന്നത്തെ സിനിമകള്‍ക്കോ കഥാപാത്രങ്ങള്‍ക്കോ യഥാര്‍ത്ഥ സമൂഹവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 10-15 വര്‍ഷത്തിനിടയില്‍ സമൂഹത്തിലും സിനിമയിലും ഒരുപാട് മാറ്റങ്ങള്‍ വന്നു. പൊളിറ്റിക്കല്‍ കറക്ട്നസ് സിനിമയിലും സമൂഹത്തിലും വലിയ സ്വാധീനമുണ്ടാക്കി.
ഇന്നത്തെ തലമുറ ഇതിനെ കുറിച്ചെല്ലാം നല്ല ബോധമുള്ളവരാണ്. പക്ഷെ അന്ന് ഞങ്ങളൊക്കെ സിനിമ ചെയ്തിരുന്ന കാലത്ത് പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് ആര്‍ക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അന്നത്തെ പല സംഭാഷണങ്ങളും രംഗങ്ങളും പൊളിറ്റിക്കലി തെറ്റായിരുന്നു എന്ന് മനസിലാകുന്നു.