ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടതായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്. ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ തനിക്ക് വിളക്ക് തരാതെ താഴെ വെച്ചുവെന്നാണ് മന്ത്രി പറഞ്ഞത്.
കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് മന്ത്രി താന്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ച് മന്ത്രി പറഞ്ഞത്.
മാസങ്ങള്‍ക്ക് മുമ്പ് ഒരു ക്ഷേത്ര ത്തില്‍ പരിപാടിക്ക് പോയെന്നും അവിടെ ആദ്യം പ്രധാന പൂജാരി വന്ന് വിളക്ക് കത്തിച്ചു, പിന്നീട് സഹ പൂജാരി വന്ന് വിളക്ക് കത്തിച്ചു, പിന്നെ വിളക്ക് നിലത്ത് വെച്ചു. താന്‍ നിലത്ത് നിന്ന് എടുത്ത് കത്തിക്കുമെന്നാണ് അവര്‍ കരുതിയതെന്നും, അതിനെതിരെ അപ്പോള്‍ തന്നെ മറുപടി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍
മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയത്. അവിടെ വിളക്ക് കത്തിക്കാന്‍ ഉണ്ടായിരുന്നു. പൂജാരി വിളക്കുമായി വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ കരുതിയത് വിളക്ക് കത്തിക്കാന്‍ എനിക്ക് തരാന്‍ വരുന്നതാണ് എന്നാണ്. പക്ഷെ അദ്ദേഹം എനിക്ക് വിളക്ക് തന്നില്ല. പകരം അദ്ദേഹം കത്തിച്ചു. ആചാരത്തിന്റെ ഭാഗമായാകാം അങ്ങനെ ചെയ്തത് എന്ന് ആദ്യം കരുതി. ആചാരത്തില്‍ ഇടപെടേണ്ട എന്നുള്ളത് കൊണ്ട് മാറി നിന്നു. അത് കഴിഞ്ഞ് അവിടുത്ത സഹ പൂജാരിക്ക് വിളക്ക് നല്‍കുകയും അദ്ദേഹം അത് കത്തിക്കുകയും ചെയ്തു. എന്നിട്ട് എനിക്ക് തരുമെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം എനിക്ക് വിളക്ക് തന്നില്ല. പകരം നിലത്ത് വെച്ചു.
ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ കരുതിയത്. ഞാന്‍ അത് എടുത്ത് കത്തിക്കണോ? പോയി പണി നോക്കാന്‍ പറഞ്ഞു. പറഞ്ഞത് മാത്രമല്ല അവിടെ അപ്പോള്‍ തന്നെ പ്രസംഗിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ അതിന് മറുപടി നല്കി. ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തം. ഏത് പാവപ്പെട്ടവനും നല്കുന്ന പൈസക്കും നിങ്ങള്‍ക്ക് അയിത്തമില്ല. പൂജാരിയെ ഇരുത്തിക്കൊണ്ട് തന്നെ ഞാന്‍ മറുപടി നല്കി.