തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൻ്റെ പലഭാഗത്തും ഇന്നും നാളെയും ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതക. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പട്ട ന്യുനമർദ്ദം നിലവിൽ പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തിനു മുകളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 2-3 ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം വടക്കൻ ഒഡിഷ – വടക്കൻ ചത്തീസ്ഗണ്ഡിന് മുകളിലേക്ക് നീങ്ങും എന്നാണ് പ്രവചനം. ഈസാഹചര്യത്തിൽ മധ്യകേരളത്തിലും മലബാറിലും മിതമായ തോതിലുള്ള മഴ കിട്ടാൻ സാധ്യതയുണ്ട്.
അതേസമയം ചരിത്രത്തിലെ ഏറ്റവും കുറവ് മഴ കിട്ടിയ കർക്കിടക മാസങ്ങളിലൊന്നാണ് ഇക്കുറി കടന്നു പോയത്. ശരാശരി 580 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇക്കുറി 239 മി.മീ മഴയാണ് ലഭിച്ചത്. 59 ശതമാനം കുറവാണ് കർക്കിടക മാസത്തിൽ ലഭിക്കേണ്ട മഴയിൽ ഉണ്ടായിരിക്കുന്നത്. ഇടുക്കി അടക്കം സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് താഴ്ന്നതോടെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കും ജലക്ഷാമത്തിലേക്കും സംസ്ഥാനം കടന്നു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കർക്കിടക മഴ ശരാശരി ലഭിക്കേണ്ടത് – 580 mm
- 2023 – 239 mm (59% കുറവ്)
- 2022 – 457 mm ( 21% കുറവ്)
- 2021 – 443 mm ( 26% കുറവ്)
- 2020 – 799 mm ( 38% കൂടുതൽ)
- 2019 – 1075 mm (86% കൂടുതൽ)