1963 മുതൽ ദുബായ് നഗരത്തിന്റെ നല്ല സമയം ചുറ്റി തിരിഞ്ഞത് ദെയ്റയിലെ ഈ പൈതൃക സൃഷ്ടിയ്ക്ക് ചുറ്റുമാണ്. വെറും മരുഭൂമിയായി കിടന്നിരുന്ന ദെയ്റ-ബർദുബായ് ഭൂപ്രദേശത്തെ ആദ്യത്തെ കോൺക്രീറ്റ് നിർമിതി. സമയസ്തൂഭം വന്നതിന് ശേഷം പിന്നെ ഈ നഗരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്ന് തന്നെ പറയാം. വൻകിട കമ്പനികളും സർക്കാർ സ്ഥാപനങ്ങളും ഈ പൈതൃക നിർമിതിക്ക് ചുറ്റും വട്ടം പിടിച്ച് വലുതായി.വാഹനങ്ങളുടെ നീണ്ട നിര ആദ്യമായി കണ്ടു തുടങ്ങിയതും ക്ലോക്ക് ടവറിന് ചുറ്റുമാണെന്ന് പഴമക്കാരും പറയുന്നു. ചുരുക്കി പറഞ്ഞാൽ ദുബായിയെ സമയത്തിനൊത്ത് കൈപിടിച്ചുയർത്തിയ കാലചക്രമിന്ന് അടിമുടി മോടി കൂട്ടുകയാണ്
ലോകത്തിലെ ഏറ്റവും മികച്ചതെന്ന പട്ടം നേടി ഓരോ നിർമിതികളും ദുബായിയുടെ മണ്ണിലുയരുമ്പോൾ ക്ലോക്ക് ടവറിനെ അങ്ങനങ്ങ് മറക്കാനാകുമോ. റൗണ്ട് എബൗട്ട് ആധുനികവത്കരിക്കുന്നതടക്കമുള്ള മിനുക്ക് പണികളാണ് പുരോഗമിക്കുന്നത്. നിലവിലുള്ള രൂപകൽപനയെ അതേപടി സംരക്ഷിച്ച് കൊണ്ട് ലാൻഡ് സ്കേപ്പിംഗ്, സോളിഡ് ഫ്ലോറുകളും മൾട്ടി കളർ ലൈറ്റിംഗ് എന്നിങ്ങനെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. റൗണ്ട് എബൗട്ടിന്റെ ഘടനയെയും പൈതൃകത്തെയും മൂല്യത്തെയും സംരക്ഷിച്ചുകൊണ്ടാണ് നവീകരണം പുരോഗമിക്കുന്നത്.മൂന്ന് മാസക്കാലയളവിന് ശേഷം നവീകരിച്ച ക്ലോക്ക്ടവർ നാടിന് സമർപ്പിക്കും

ലോകത്തിലെ മനോഹരമായ ക്ലോക്ക് ടവറുകളിൽ ഇടം പിടിച്ച നിർമിതിയാണ് ദെയ്റ ക്ലോക്ക് ടവർ. ആദ്യകാല പ്രവാസികളുടെ മനസിൽ ഇന്നും ഓർമയായി ഈ പൈതൃക സൃഷ്ടി അവശേഷിക്കുന്നുണ്ട്. ദെയ്റ ക്ലോക്ക് ടവറിന്റെ ആദ്യകാല ചിത്രങ്ങളിൽ നിന്ന് തന്നെ ദുബായ് നഗരത്തിന്റെ മാറ്റം മനസിലാക്കാവുന്നതാണ് . ദെയ്റയ്ക്കും ബർദുബായിക്കും ഇടയിലെ ആദ്യത്തെ ലാൻഡ് ക്രോസിംഗ് ആണിത്.
ദുബായ്-അബുദാബി റോഡ് നിർമ്മാണത്തിന് മുമ്പ് ദുബായിലേക്കുള്ള പ്രധാന റോഡുകളുടെ ആദ്യ കണക്ഷൻ പോയിന്റായിരുന്നു ക്ലോക്ക് ടവർ. ലണ്ടനിലെ മാഞ്ചസ്റ്ററിൽ നിന്നുമെത്തിച്ച ക്ലോക്കാണ് ടവറിലെ പ്രധാന ആകർഷണം. എമിറാത്തി എഞ്ചിനീയറായ സാക്കി അൽ ഹംസിയാണ് നിർമിതിയുടെ രൂപകൽപന നിർവഹിച്ചത്.