യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘവും ബഹിരാകാശ യാത്രയുടെ അവസാനഘട്ട ഒരുക്കത്തിലാണ്. 27ന് യുഎഇ സമയം രാവിലെ 10.45ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഫാൽക്കൺ–9 റോക്കറ്റിൽ സംഘം യാത്ര തിരിക്കും.
സുൽത്താൻ അൽ നെയാദി യാത്രയ്ക്ക് പോകുന്നതിന് മുൻപ് കഴിക്കുന്ന ഭക്ഷണം ബട്ടർ ലെമൺ ചിക്കനെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിക്ഷേപണ ദിവസത്തിനുള്ള ക്രൂവിന്റെ ഷെഡ്യൂൾ നിശ്ചയിച്ചതായി നാസയിലെ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഡയറക്ടർ സെബ് സ്കോവിൽ വ്യക്തമാക്കി.
“യാത്രപുറപ്പെടുന്ന ദിവസം അവർ രാവിലെ 9.30 ഓടെ എഴുന്നേൽക്കും, കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കും. ബഹിരാകാശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിന് മുമ്പ് ബട്ടർ ലെമൺ ചിക്കൻ കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു “. അതേസമയം കാലാവസ്ഥ അനുകൂലമായതിനാൽ വിക്ഷേപണത്തിന് നാസയും സ്പേസ് എക്സും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
ബഹിരാകാശത്ത് 6 മാസം തങ്ങി ഗവേഷണത്തിൽ ഏർപ്പെടാനുള്ള യാത്രയിൽ നെയാദിക്കൊപ്പം നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരുമുണ്ട്. 26ന് രാവിലെ 11ന് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റുകയായിരുന്നു.