ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിൻ്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 39 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ടിഎൻ പ്രതാപൻ ഒഴികെ എല്ലാ സിറ്റിംഗ് എംപിമാരും വീണ്ടും ജനവിധി തേടും.
പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാനിറങ്ങും എന്നതാണ് സ്ഥാനാർത്ഥി പട്ടികയിലെ പ്രധാന സർപ്രൈസ്. വടകരയിലെ സിറ്റിംഗ് എംപി മുരളീധരൻ തൃശ്ശൂരിൽ ഇറങ്ങും. വയനാട്ടിൽ രാഹുൽ ഗാന്ധി രണ്ടാം ഊഴത്തിന് ഇറങ്ങുമ്പോൾ ആലപ്പുഴ സീറ്റ് തിരികെ പിടിക്കാൻ കെസി വേണുഗോപാൽ നേരിട്ടിറങ്ങും എന്നതും കൗതുകമായി.
മത്സരരംഗത്ത് നിന്നും ആദ്യം മാറി നിൽക്കാൻ താത്പര്യപ്പെട്ട കെ.സുധാകരൻ ഹൈക്കമാൻഡ് സമ്മർദ്ദത്തെ തുടർന്ന് വീണ്ടും കണ്ണൂരിൽ ജനവിധി തേടും. തൃശ്ശൂരിൽ മുരളീധരന് വേണ്ടി വഴിമാറിയ ടി.എൻ പ്രതാപൻ അദ്ദേഹത്തിൻ്റെ പ്രചാരണം നേരിട്ട് നയിക്കും. കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന പദ്മജ വേണുഗോപാൽ സഹോദരനെതിരെ തൃശ്ശൂരിൽ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുന്ന കാഴ്ചയും വരും ദിവസങ്ങളിൽ കാണാം. തൃശ്ശൂരിൽ നാളെ എത്തുന്ന മുരളീധരന് പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കുന്നത്. മുരളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കിക്കോഫ് കൂടിയായി ഇതു മാറും.
കെ.സുധാകരൻ വീണ്ടും ജനവിധി തേടുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷൻ്റെ താത്കാലിക ചുമതല എംഎ ഹസ്സന് കൈമാറി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്രെ ചുമതലകളും താത്കാലികമായി മറ്റൊരു മുതിർന്ന നേതാവിനെ ഏൽപിക്കാൻ സാധ്യതയുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് തെളിഞ്ഞിരിക്കുകയാണ്. എൻഡിഎയിൽ ബിജെപി പന്ത്രണ്ട് സ്ഥാനാർത്ഥികളെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിക്കുന്ന നാല് സീറ്റിലേക്കും ബിഡിജെഎസ് സ്ഥാനാർത്ഥികളേയും കൂടി അറിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും.
കോൺഗ്രസ് സ്ഥാനാർത്ഥികൾ
- തിരുവനന്തപുരം ശശി തരൂർ
- ആറ്റിങ്ങൽ അടൂർ പ്രകാശ്
- മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്
- പത്തനംതിട്ട ആന്റോ ആന്റണി
- ആലപ്പുഴ കെ.സി വേണുഗോപാൽ
- എറണാകുളം ഹൈബി ഈഡൻ
- ഇടുക്കി ഡീൻ കുര്യാക്കോസ്
- ചാലക്കുടി ബെന്നി ബഹ്നാൻ
- തൃശൂർ കെ.മുരളീധരൻ
- പാലക്കാട് വി. കെ ശ്രീകണ്ഠൻ
- ആലത്തൂർ രമ്യ ഹരിദാസ്
- കോഴിക്കോട് എം കെ രാഘവൻ
- വടകര ഷാഫി പറമ്പിൽ
- കണ്ണൂർ കെ.സുധാകരൻ
- വയനാട് രാഹുൽ ഗാന്ധി
- Congress Declared Candidates For Loksabha pollsകാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ