തിരുവനന്തപുരം: ചെക്ക് ഇൻ കൌണ്ടറിൽ കൈവിട്ട ഡയലോഗ് അടിച്ച യാത്രക്കാരൻ ഒടുവിൽ ചെന്നുപെട്ടത് പൊലീസ് സ്റ്റേഷനിൽ. ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ചെക്കൻ ഇൻ കൌണ്ടറിൽ കൈവിട്ട വാക്ക് പ്രയോഗം നടത്തി യാത്രമുടങ്ങിയത്.
ലഗ്ഗേജുമായി എത്തിയ യാത്രക്കാരനോട് പരിശോധനയ്ക്കിടെ കൂടുതൽ എന്തെങ്കിലും സാധനങ്ങൾ കൈവശമുണ്ടോ എന്ന് ചെക്ക് ഇൻ കൌണ്ടറിലുണ്ടായ വിമാനക്കമ്പനി ജീവനക്കാർ ചോദിച്ചു. ഈ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരൻ ബാഗിലൊരു ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ഇതോടെ രംഗംമാറി. പരിഭ്രാന്തരായ വിമാനക്കമ്പനി ജീവനക്കാർ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും മാറ്റി നിർത്തി പൂർണമായി പരിശോധിക്കുകയും ചെയ്തു. ബോംബ് സ്ക്വാഡ് എത്തി ഇയാളുടെ എല്ലാ ബാഗുകളും തുറന്നു പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഇതോടെ ഇയാളെ വലിയതുറ പൊലീസിന് കൈമാറി.
ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെട്ടാത്തതിനാൽ ബാഗിൽ ബോംബ് ഉണ്ടെന്ന് പറയുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇയാൾക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വലിയതുറ എസ്.എച്ച്.ഒ പറഞ്ഞു.