കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. വനിതാ വിഭാഗം ബാഡ്മിന്റൺ ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ തുടർച്ചയായ രണ്ട് സെറ്റുകളിൽ തോൽപ്പിച്ചാണ് സിന്ധു സ്വർണം നേടിയത്. സ്കോർ: 21–15, 21–13. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിൾസിലെ സിന്ധുവിന്റെ ആദ്യ സ്വര്‍ണമാണിത്.
പരിക്കിനെ അതിജീവിച്ചുകൊണ്ടാണ് സിന്ധു ഇന്നിറങ്ങിയത്. എതിരാളിരെ ഒരു തരത്തിലും ഒരുഘട്ടത്തിലും മുന്നിട്ട് നിൽക്കാൻ അനുവദിക്കാതെ പഴുതടച്ച പ്രകടമായിരുന്നു ബെര്‍മിങ്ഹാമിൽ സിന്ധു ഇന്ന് കാഴ്ചവെച്ചത്. ലോക 14–ാം നമ്പർ താരമാണ് കാനഡയുടെ മിഷേൽ ലി.
2016 ലെ റിയോ ഒളിമ്പിക്സില്‍ വെങ്കലവും, 2020ലെ ടോക്യോ ഒളിമ്പിക്സില്‍ വെളളിയും സിന്ധു നേടിയിരുന്നു. 2018 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് വിഭാഗത്തില്‍ സ്വര്‍ണ്ണവും സിംഗിള്‍സ് വിഭാഗത്തില്‍ വെളളിയും സ്വന്തമാക്കി. 2014ലും വെങ്കലവും നേടിയിട്ടുണ്ട്.
സിന്ധുവിലൂടെ 56ാം മെഡൽ നേടിയ നിലവിൽ നാലാം സ്ഥാനത്താണ്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവും ആയി ഇന്ത്യ മെഡൽ വേട്ട തുടരുകയാണ്. കൂടുതല്‍ മെഡലുകൾ പ്രതീക്ഷിക്കുന്ന ഇനങ്ങളുടെ ഫൈനലും ഇന്ന് ഇന്ത്യയ്ക്കുണ്ട്. ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്‍ ഇന്നു ഫൈനൽ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി, സാത്വിക്സായ്രാജ് രങ്കിറെഡ്ഡി എന്നിവരും സ്വർണ മെഡലിനായി ഇറങ്ങുന്നു. പുരുഷ ഹോക്കി ടീമിന് ഫൈനലിൽ ഓസ്ട്രേലിയയാണ് എതിരാളികൾ. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ അചന്ദ ശരത് കമലും ഫൈനൽ കളിക്കും.