ബെംഗളൂരു: സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് സ്പേസ് ഡോക്കിങ്.. 2024 ഡിസംബർ 30-ന് സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് സ്പെയ്ഡെക്സ് ദൗത്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ഗഗൻയാൻ, ചന്ദ്രനിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം എന്നിവ ഉൾപ്പടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ ആവശ്യമാണ്.
എസ്ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകൾ. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു.
ഒൻപതാം തിയതി ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്നം നേരിട്ടതിനാൽ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസ്രൊ അറിയിക്കുകയായിരുന്നു. പിന്നീട് ഐഎസ്ആർഒ ഏറെ കരുതലോടെയാണ് ഡോക്കിംഗിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്.