വധുവിൻ്റെ വീട്ടുകാര്‍ വിവാഹസമ്മാനമായി നല്കിയ കാര്‍ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വരൻ്റെ അമ്മായിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഇറ്റാവ ജില്ലയിലെ അക്ബര്‍ ഗ്രാമത്തിലാണ് സംഭവം. കാര്‍ കിട്ടിയ സന്തോഷത്തില്‍ ഡ്രൈവിംഗ് അറിയാത്ത 24കാരനായ വരന് അരുൺ ടെസ്റ്റ് ഡ്രൈവ് എടുക്കാന്‍ ശ്രമിച്ചപ്പോൾ ബന്ധുവായ സ്ത്രീയുടെ മേൽ കാര്‍ കയറിയിറങ്ങുകയായിരുന്നു.
കാറിന്റെ ആക്സിലേറ്ററില്‍ ചവിട്ടിയ ഉടനെ നിയന്ത്രണം വിട്ട് കാര്‍ മുന്നോട്ടുകുതിച്ചു. കാറിന് മുന്നിലായാണ് വരന്റെ അമ്മായി സരളാദേവി നിന്നിരുന്നത്. കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അമ്മായിക്ക് പുറമേ പത്തുവയസുള്ള പെണ്‍കുട്ടി അടക്കം നാലുപേര്‍ക്കും കാര്‍ ഇടിച്ച് പരിക്കേറ്റു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വണ്ടി ഓടിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അരുണിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.