ഡൽഹി: ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ട വിമാനം 20 മണിക്കൂർ വൈകിയ സംഭവത്തിൽ എയർഇന്ത്യയോട് വിശദീകരണം തേടി വ്യോമയാന മന്ത്രാലയം. കാരണം വ്യക്തമാക്കാതെയാണ് യാത്രക്കാർ ചെക്ക് ഇൻ ചെയ്ത ശേഷം വിമാനം ഇരുപത് മണിക്കൂർ നിർത്തിയിട്ടത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ അമേരിക്കയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് അനന്തമായി വൈകിയത്. മൂന്നരയ്ക്ക് പോകേണ്ട വിമാനം ആറ് മണിക്കൂർ വൈകി ഒൻപതരയ്ക്കാണ് ഷെഡ്യൂൾ ചെയ്തത്. എട്ട് മണിക്കൂർ കഴിഞ്ഞപ്പോൾ യാത്രക്കാർ ചെക്ക് ഇൻ ചെയ്ത് വിമാനത്തിൽ പ്രവേശിച്ചു. എന്നാൽ കൊടുംചൂടിലും വിമാനത്തിനുള്ളിലെ എസി പ്രവർത്തിപ്പിക്കാൻ ജീവനക്കാർ തയ്യാറായില്ല.
ഇതോടെ വിമാനത്തിലുണ്ടായിരുന്ന കുട്ടികളും പ്രായവരും അവശരായി. സഹികെട്ട യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി എയ്റോ ബ്രിഡ്ജിൽ കുത്തിയിരിന്നു. എമിഗ്രേഷൻ പൂർത്തിയാക്കിയതിനാൽ ഇവരെ തിരികെ ടെർമിനലിലും പ്രവേശിപ്പിച്ചില്ല. ഇതോടെ യാത്രക്കാർ ഇരുപത് മണിക്കൂറോളം എയ്റോബ്രിഡ്ജിൽ കുത്തിയിരിക്കേണ്ട അവസ്ഥയായി.
ഇരുന്നൂറോളം യാത്രക്കാരാണ് എയർഇന്ത്യ 183 വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് അറിയിച്ചതോടെ എയർഇന്ത്യ പ്രതിരോധത്തിലായി. കേന്ദ്രവ്യോമയാന മന്ത്രാലയത്തേയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയേയും ടാഗ് ചെയ്താണ് യാത്രക്കാർ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വിമാനത്തിലെ എ.സി തകരാറിലായതാണ് വിമാനം വൈകാൻ കാരണമായതെന്നാണ് സൂചനയെങ്കിലും സങ്കേതിക തകരാർ എന്നു മാത്രമാണ് എയർഇന്ത്യ നൽകുന്ന വിശദീകരണം.
അതേസമയം യാത്രക്കാർക്ക് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിൽ എയർഇന്ത്യ തുടർച്ചയായി പരാജയപ്പെടുകയാണെന്നും ടിക്കറ്റ് റദ്ദാക്കുന്നതിലും യാത്രക്കാരോട് ആശയവിനിമയം നടത്തുന്നതിലും പരാതികൾ തുടരുകയാണെന്നും വ്യോമയാനമന്ത്രാലയം എയർഇന്ത്യയ്ക്ക് നൽകിയ നോട്ടീസിൽ പറയുന്നു. മൂന്ന് ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.