ഇസ്താംബുൾ: ഇസ്രയേൽ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഗാസയെ പുനർനിർമ്മിക്കുമെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ആശുപത്രികളും സ്കൂളുകളും കോളേജുകളും ജലസേചന കേന്ദ്രങ്ങളും വൈദ്യുതി വിതരണകേന്ദ്രങ്ങളും അടക്കം ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നിരിക്കുകയാണ്. ഒരു വെടിനിർത്തൽ കരാറിൽ ഇസ്രയേലും ഹമാസും എത്തിയാൽ ഇസ്രയേൽ സൈന്യം നശിപ്പിച്ചതെല്ലാം വീണ്ടും പുനർനിർമ്മിക്കാൻ പാലസ്തീനെ തുർക്കി സഹായിക്കും – ജർമ്മൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉർദോഗാൻ പറഞ്ഞു.
ഇസ്രയേലിന്റെ കൈവശം ആണവായുധങ്ങളുണ്ടോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ തുർക്കി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ ആണവായുധ ശേഖരം സംബന്ധിച്ചുള്ള സംശയങ്ങളെല്ലാം കൃത്യമായ പരിശോധനയിലൂടെ പരിഹരിക്കപ്പെടണം. ഇക്കാര്യത്തിൽ ഇനിയും കാലതാമസം പാടില്ല. ഈ വിഷയത്തിൽ തുർക്കിയുടെ നിലപാട് വ്യക്തമാണ്.
ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളുടെ കുടുംബങ്ങൾ അവരെ മോചിപ്പിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് തനിക്ക് കത്തയച്ചതായും ഉർദുഗാൻ പറഞ്ഞു. അതേസമയം ബന്ദികളുടെ മോചനത്തിനായി തുർക്കി രഹസ്യാന്വേഷണ ഏജൻസി സജീവഇടപെടൽ നടത്തുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
“ഹമാസ് ഒരു ഭീകര സംഘടനയല്ല, അതൊരു വിമോചന ഗ്രൂപ്പാണെന്നും, ‘മുജാഹിദീൻ’ തങ്ങളുടെ ഭൂമിയെയും ആളുകളെയും സംരക്ഷിക്കാൻ യുദ്ധം ചെയ്യുകയാണെന്നും ഉർദുഗാൻ മുമ്പ് പറഞ്ഞിരുന്നു. ഹമാസിനെതിരായ ഇസ്രയേലിന്റെ പ്രതികാര നടപടിയെ പിന്തുണച്ചതിന് പശ്ചാത്യരാജ്യങ്ങളെ ഉർദുഗാൻ നേരത്തെ വിമർശിച്ചിരുന്നു. “ഇസ്രായേലിനായി ഒഴുകുന്ന പാശ്ചാത്യ കണ്ണുനീർ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഗാസയിലെ യുദ്ധത്തിൽ ഇസ്രായേൽ “മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം” ചെയ്തതായി തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ പറഞ്ഞു. സ്കൂളുകളിലും ആശുപത്രികളിലും പള്ളികളിലും പോലും കുട്ടികളും രോഗികളും പ്രായമായവരും ഉൾപ്പെടെയുള്ള ഫലസ്തീൻ സഹോദരങ്ങളെ ലക്ഷ്യമിടുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 ഇസ്രയേലികളും തിരിച്ച് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ 12000-ത്തിലേറെ പേരും മരിച്ചതായാണ് കണക്കുകൾ.