ലോക വ്യോമയാന മേഖലയെ ഭരിച്ച ജംബോ ജെറ്റ് വിട പറയുന്നു. ‘ആകാശ രാജ്ഞി’, തിമിംഗലം എന്നീ പേരുകളിലാണ് ഈ വിമാനം അറിയപ്പെടുന്നത്. ബോയിങ് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വിജയിച്ച വിമാനങ്ങളിലൊന്നായ ബോയിങ് 747 ആണ് ഇപ്പോൾ നിർമാണം നിർത്തുന്നത്. അതേസമയം അവസാനത്തെ ബോയിങ് 747 വിമാനം വാഷിങ്ടണിലുള്ള എവററ്റിലെ ഫാക്ടറിയിൽ നിന്ന് പുറത്തിറക്കി.
ചരക്കുവിമാന കമ്പനിയായ അറ്റ്ലസ് എയർ ആണ് അവസാനമായി ബോയിങ് 747 ഓർഡർ ചെയ്തത്. അറ്റ്ലസിനായി നിർമിച്ച നാല് വിമാനങ്ങളിലെ അവസാനത്തെ വിമാനമാണ് പുറത്തിറങ്ങിയത്. അതേസമയം 500 യാത്രക്കാരെ ഉൾക്കൊള്ളുന്ന യാത്രാവിമാനം, ചരക്കുവിമാനം, അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ തുടങ്ങിയ നിരവധി റോളുകളിൽ ഈ ജംബോ ജെറ്റ് ആകാശം കീഴടക്കിയിട്ടുണ്ട്. 1969ലാണ് ആദ്യമായി ഈ ആകാശ രാഞ്ജി പറന്നത്. 50,000 ജീവനക്കാർ 16 മാസത്തോളം ജോലി ചെയ്താണ് ആദ്യ വിമാനം പുറത്തിറക്കിയത്. പിന്നീട് 1573 വിമാനങ്ങൾ കൂടി ഈ ബോയിങ് കമ്പനി നിർമിച്ചു.
ലോകത്തെ ഏറ്റവും വലിയ വാണിജ്യ വിമാനവും രണ്ട് ഇടനാഴികളുള്ള ആദ്യ വിമാനവുമായിരുന്നു ബോയിങ് 747. എന്നാൽ നാല് എൻജിനുകളുള്ള ബോയിങ് 747ന് ഇന്ധനക്ഷമതയില്ലായ്മയായിരുന്നു പ്രധാനമായുണ്ടായ തിരിച്ചടി. ബോയിങ്ങും എയർബസും രണ്ട് എൻജിനുകളുള്ള വൈഡ് ബോഡി ജെറ്റുകൾ ഒന്നരപ്പതിറ്റാണ്ട് മുൻപ് വിപണിയിലെത്തിച്ചതോടെ ഈ വമ്പൻ വിമാനത്തിന് ഡിമാൻഡ് കുറഞ്ഞു. ഒടുവിൽ ഉൽപാദനം നിർത്താൻ കമ്പനി തീരുമാനിച്ചു. അമേരിക്കൻ കമ്പനിയായ ഡെൽറ്റയാണ് ബോയിങ് 747 യാത്രാവിമാനമായി അവസാനമായി ഉപയോഗിച്ചത്. 2017ൽ ഈ വിമാനത്തെ അവർ നിലത്തിറക്കി. എന്നാൽ ജർമൻ കമ്പനിയായ ലുഫ്താൻസ അടക്കം ചില അന്താരാഷ്ട്ര കമ്പനികൾ ഇപ്പോഴുംഈ സർവിസിന് ഉപയോഗിക്കുന്നുണ്ട്.