ചെന്നൈ: അന്തരിച്ച വനം കൊള്ളക്കാരൻ വീരപ്പൻ്റെ മകൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ വിദ്യാറാണിയാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരി ലോക്സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുക. വീരപ്പൻ്റേയും മുത്തുലക്ഷ്മമിയുടേയും രണ്ടാമത്തെ മകളാണ് വിദ്യാറാണി.

2020-ൽ ബിജെപിയിൽ ചേർന്ന വിദ്യാറാണി കുറച്ചു കാലം ബിജെപി ഒബിസി മോർച്ച വൈസ് പ്രസിഡാൻ്റായിരുന്നു എന്നാൽ ദിവസങ്ങൾക്ക് മുൻപ് അവർ പാർട്ടിവിട്ടിരുന്നു. പിന്നാലെ സിനിമാ നടനും സംവിധായകനുമായ സീമാൻ്റെ നാം തമിഴർ കക്ഷിയിൽ വിദ്യ ചേർന്നു. തുടർന്ന് ഇന്നലെ പാർട്ടിയുടെ കൃഷ്ണഗിരി സ്ഥാനാർത്ഥിയായി വിദ്യാറാണിയെ പ്രഖ്യാപിക്കുകയായിരുന്നു. കൃഷ്ണഗിരി ജില്ലയിലെ ആദിവാസികൾക്കിടയിൽ സജീവമായ സാമൂഹിക പ്രവർത്തക കൂടിയാണ് വിദ്യാറാണി.
