തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദു പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ പ്രത്യേകമായി ഒരു പ്രദേശത്തിന്റെയോ സ്ഥലത്തെയോ പേര് പറഞ്ഞിട്ടില്ലെന്നും വാർത്തകൾ വളച്ചൊടിച്ചെന്നും പരാമർശിച്ച് ദ ഹിന്ദു പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കത്ത്. പ്രസ് സെക്രട്ടറിയാണ് കത്തയച്ചത്.കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി സന്ദര്‍ശനത്തിനിടെയാണ് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്.
2024 സെപ്തംബർ 30 ന് ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘സി.പി.എം എപ്പോഴും ആർ.എസ്.എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്’ എന്ന അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഗുരുതരമായ ആശങ്കകളുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി ആരോപിക്കുന്ന ചില പ്രസ്താവനകളെക്കുറിച്ച്.മുഖ്യമന്ത്രി ഒരിക്കലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ല. അഭിമുഖത്തിൽ “രാഷ്ട്രവിരുദ്ധ” അല്ലെങ്കിൽ “ദേശവിരുദ്ധ പ്രവർത്തനങ്ങൾ” എന്ന പദങ്ങളും ഉപയോഗിച്ചിട്ടില്ല.
ഇത് മുഖ്യമന്ത്രിയുടേയോ കേരള സർക്കാറിന്റെയോ നിലപാടുകളല്ല. ഈ പ്രസ്താവനകളുടെ തെറ്റായ റിപ്പോർട്ട് വിവാദങ്ങൾക്കും തെറ്റായ വ്യാഖ്യാനത്തിനും കാരണമായിട്ടുണ്ട്. അതിനാൽ വിഷയത്തിൽ കൂടുതൽ ദുർവ്യാഖ്യാനങ്ങൾ തടയുന്നതിന് മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന വ്യക്തത നൽകണം -എന്നീ കാര്യങ്ങളാണ് കത്തിൽ പരാമർശിക്കുന്നത്.