കൊവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് ആദര സൂചകമായി 25 മലയാളി നഴ്സുമാർക്ക് ലീഡർഷിപ്പ് പുരസ്കാരം നൽകുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിംഗ് ഗ്രൂപ്പായ ഐ എച്ച് എൻ എ യുടെ നേതൃത്വത്തിലാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25 പേർക്ക് ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരം.
ഇന്ത്യ, ഓസ്ട്രേലിയ, യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അഞ്ച് വീതം നഴ്സുമാരെയാണ് അവാർഡിനായി തിരഞ്ഞെടുക്കുക. സ്വന്തം ജീവനും കുടുംബവും വകവയ്ക്കാതെ രാപകൽ പണിയെടുത്ത നഴ്സുമാരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അവാർഡ് വിതരണമെന്ന് ഐ എച്ച് എൻ എ സി.ഇ.ഒ ബിജോ കുന്നുംപുറത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ഘട്ടമായി ഓസ്ട്രേലിയിലെ മെൽബണിൽ ഒക്ടോബർ 29 ന് വിറ്റിൽസീ മലയാളി അസോസിയേഷൻ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കും. ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരായിരിക്കും തിരഞ്ഞെടുത്ത നഴ്സുമാർക്ക് അവാർഡുകൾ നൽകുക. ശേഷം, ഡിസംബർ അവസാനവാരം കേരളത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആയിരിക്കും ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകുക. ഒരു ലക്ഷം രൂപയും ഫ്ളോറൻസ് നൈറ്റിoഗിൾ ശില്പവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഐ.എച്ച്.എൻ.എ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരത്തിന് അപേക്ഷിക്കേണ്ട വിധം
https://ihna.edu.au/ihna-global-covid-nursing-award എന്ന ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ, മറ്റുള്ളവർക്ക് ഇവരുടെ സേവനത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയോ ആവാം. പ്രത്യേക ജൂറിയായിരിക്കും ഓരോ രാജ്യത്ത് നിന്നുള്ള അഞ്ച് വീതം നഴ്സുമാരെ തിരഞ്ഞെടുക്കുക. ഇവരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരിഗണിക്കും.