ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവീസുകൾ പൂർണമായും നിർത്തലാക്കി എയർ ഇന്ത്യ. ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും ഈ സർവീസുകൾ നടത്തുക. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ ഇക്കാര്യം അറിയിച്ചത്. സർവിസുകൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് എം.പി കത്ത് നൽകിയിരുന്നു. ഇതിന്റെ മറുപടിയായാണ് വ്യോമയാന മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ എല്ലാ ദിവസവും പുലർച്ച 2.20നും വൈകീട്ട് 4.05നും ദുബൈയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്.
ദുബായിൽ നിന്ന് ഉച്ചയ്ക്ക് 1.10 നാണ് എയർ ഇന്ത്യയുടെ കോഴിക്കോട്ടേക്കുള്ള സർവീസ്. എന്നാൽ മാർച്ച് 26 മുതൽ ഇതേ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു സർവീസുകളായിരിക്കും ഉണ്ടാവുക. കൂടാതെ ഉച്ചയ്ക്ക് 12.30 നും രാത്രി 11.40 നും എയർ ഇന്ത്യ സർവീസ് നടത്തും. എന്നാൽ ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിനും എയർ ഇന്ത്യയ്ക്കും ഉണ്ടായിരുന്ന മൂന്ന് സർവീസുകൾക്ക് പകരം മാർച്ച് 26ന് ശേഷം എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ രണ്ടു സർവീസുകൾ മാത്രമായി ചുരുങ്ങും. അതായത്, ഒരു സർവിസ് പ്രവാസികൾക്ക് പൂർണമായും നഷ്ടമാകും.
ഷാർജയിൽ നിന്നും രാത്രി 11.45 ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ സർവീസിന് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. രാത്രി 12.10ന് പുറപ്പെട്ട് പുലർച്ചെ 5.50ന് കോഴിക്കോട് എത്തുന്ന രീതിയിലായിരിക്കും ഈ സർവിസിന്റെ ക്രമീകരണം. എന്നാൽ നിലവിൽ എല്ലാ ദിവസവും ഇതേ റൂട്ടിൽ ഉച്ചക്ക് 12.55ന് ഉണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് മാർച്ച് 26 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന രീതിയിലാണ് പുതിയ ബുക്കിങ്.
അതേസമയം പെരുന്നാൾ അവധിയ്ക്കും വിദ്യാലയങ്ങളിലെ വേനൽ അവധിയ്ക്കും നാട്ടിലേക്ക് പുറപ്പെടാനിരിക്കുന്ന നിരവധി പ്രവാസികൾ എയർ ഇന്ത്യയിൽ നേരത്തെ ടിക്കറ്റ് എടുത്തിട്ടുണ്ട്. ഇവരുടെ ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിലേക്ക് മാറ്റി നൽകുമെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് ബജറ്റ് എയർലൈൻ ആയതുകൊണ്ട് തന്നെ എയർ ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും യാത്രക്കാർക്ക് നഷ്ടമാകും. രോഗികൾക്കുള്ള സ്ട്രച്ചർ സൗകര്യം, വിഭവ സമൃദ്ധമായ ഭക്ഷണം, ബിസിനസ് ക്ലാസ്, ടിക്കറ്റ് റദ്ധ് ചെയ്യാനും തീയതി മാറ്റാനുമുള്ള പ്രത്യേകം ആനുകൂല്യങ്ങൾ തുടങ്ങിയവയും ഇതിലുൾപ്പെടുന്നു.