മസ്കത്ത്: മസ്കത്തിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവ്വീസുകൾ കുറച്ച് എയർഇന്ത്യ എക്സ്പ്രസ്സ്. നവംബറിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് ഇനി സർവ്വീസുണ്ടാവുകയെന്ന് എയർഇന്ത്യ എക്സപ്രസ്സ് വെബ്സൈറ്റിൽ ലഭ്യമായ ഷെഡ്യൂളിൽ പറയുന്നു.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഇനി സർവ്വീസുകൾ. വ്യാഴാഴ്ച രണ്ട് സർവ്വീസുകൾ ഉണ്ടാവും. പകൽ യാത്ര സാധ്യമാകുന്ന തരത്തിലാവും പുതിയ സർവ്വീസുകൾ. അതേസമയം മസ്കത്തിൽ നിന്നും കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവ്വീസുകളും സലാലയിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവ്വീസുകളും പതിവ് പോലെ തുടരും.
ഡിസംബറോടെ കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വീസുകൾ പുനരാരംഭിക്കും. എന്നാൽ സലാം എയർ സർവ്വീസുകൾ അവസാനിപ്പിച്ചതിനാൽ ഈ റൂട്ടിൽ വിമാനങ്ങൾ കുറയുന്ന നിലയുണ്ട്. ഡിസംബറിലെ തിരക്ക് കൂടിയാവുന്നതോടെ സെക്ടറിൽ ടിക്കറ്റ് നിരക്ക് ഉയരുമെന്നാണ് ട്രാവൽ ഏജൻ്റുമാർ പറയുന്നത്.