വിശാൽ നായകനാകുന്ന ചിത്രമാണ് ‘മാർക്ക് ആൻ്റണി’. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പൂനമല്ലിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനിടയിൽ നടന്ന വലിയൊരു അപകടമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘മാർക്ക് ആൻ്റണി’യിലെ നിർണായകമായ ഒരു രംഗത്തിൻ്റെ ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ലോറി സെറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. മതിൽ തകർത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.
വീണുകിടക്കുന്ന വിശാലിൻ്റെ സമീപത്ത് എത്തുമ്പോഴും ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു പാഞ്ഞു. പിന്നാലെ ഞൊടിയിടയിൽ അടുത്തുണ്ടായിരുന്ന ഒരാൾ വിശാലിനെ വലിച്ചുമാറ്റുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കം ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് അണിയറ പ്രവർത്തകർ വിശദീകരിച്ചു.
"சில நொடியில் உயிரையே விட்டிருப்பேன்"… வைரலாகும் விஷாலின் @VishalKOfficial பதிவு????#actorvishal #shootingspot #accident #twitter pic.twitter.com/NOMB6aUcYE
— Visalavathi (@Its_Visali) February 23, 2023
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിവരം വിശാൽ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ദൈവത്തിന് നന്ദി പറയുന്നതായും താരം വ്യക്തമാക്കി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന മാർക്ക് ആൻ്റണിയിൽ എസ് ജെ സൂര്യ, സുനിൽ എന്നിവരും അഭിനയിക്കുന്നു. അഭിനന്ദൻ രാമാനുജൻ ആണ് ‘മാർക്ക് ആൻ്റണി’യുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉമേഷ് രാജ്കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനൽ കണ്ണൻ, പീറ്റർ ഹെയ്ൻ, രവി വർമ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. എസ് വിനോദ് കുമാറാണ് നിർമാണം.