കൊച്ചി: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് പരാതി നല്കി. നടിയുടെ അഭിഭാഷകന് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് കാണിച്ചാണ് ഡിജിപിക്ക് ബാലചന്ദ്രമേനോൻ പരാതി നല്‍കിയത്.
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് നടിയുടെ അഡ്വക്കേറ്റ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ബാലചന്ദ്രമേനോൻ്റെ പരാതിയിൽ പറയുന്നു. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു വക്കീലിൻ്റെ ഭീഷണി. ഫോണ്‍ കോള്‍ എത്തിയത് ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നായിരുന്നു. തൊട്ടടുത്ത ദിവസമാണ് നടി തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതെന്നും നടൻ്റെ പരാതിയില്‍ പറയുന്നു.
വക്രബുദ്ധികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്നും ബാലചന്ദ്ര മേനോന് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ വിവരങ്ങളടക്കമാണ് ഡിജിപിക്ക് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് ആരോപിച്ച് ബാലചന്ദ്ര മേനോൻ തനിക്കും അഭിഭാഷകനുമെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി പ്രതികരിച്ചു. ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തുവെന്ന് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. താൻ നൽകിയ പരാതികളിൽ വ്യക്തമായ തെളിവുകളുണ്ടെന്നും നടി വ്യക്തമാക്കി.