27ാമത് രാജ്യാന്തര ചലച്ചിത്രമേള (ഐ എഫ് എഫ് കെ ) തിരുവനന്തപുരത്ത് വച്ച് നടക്കും. ഡിസംബർ ഒൻപത് മുതൽ 16 വരെയാണ് മേള. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷവും സാധാരണ രീതിയിൽ ആയിരുന്നില്ല മേള നടത്തിയിരുന്നത്. ഇത്തവണ രാജ്യാന്തര ഫെസ്റ്റിവൽ കലണ്ടർ പ്രകാരം ഡിസംബർ മാസത്തിൽ തന്നെ കുറവുകൾ നികത്തി പ്രൗഡിയോടുകൂടി സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.
രാജ്യാന്തര മത്സര വിഭാഗം , ഇന്ത്യൻ സിനിമ ഇപ്പോൾ, മലയാളം സിനിമ ഇന്ന്, ലോകസിനിമ, എന്നിങ്ങനെയുള്ള പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിൽ ഉണ്ടാവും. ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾക്കാണ് കൂടുതൽ പരിഗണന നൽകുന്നത്. 2021 സെപ്റ്റംബർ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയിൽ പൂർത്തിയായ ചിത്രങ്ങൾക്കേ പ്രദർശനാനുമതി ലഭിക്കുകയുള്ളു. എൻട്രികൾ ഈ മാസം 11 മുതൽ ഐ എഫ് എഫ് കെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.