തൃശ്ശൂർ: മലയാളത്തിൻ്റെ ഭാവഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. 81 വയസ്സായിരുന്നു. തൃശ്ശൂരിലെ വീട്ടിൽ വച്ച് കുഴഞ്ഞു വീണ ജയചന്ദ്രനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയ്ക്കിടയിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് അദ്ദേഹം പാടിയത്. കെ.ജെ യേശുദാസ് കത്തി നിന്ന മലയാള സിനിമാ സംഗീതലോകത്ത് സമാന്തരമായി സ്വന്തം വഴിവെട്ട വന്ന ഗായകപ്രതിഭ എന്ന നിലയിലാണ് പി.ജയചന്ദ്രനെ മലയാളികൾ ഓർക്കുന്നത്.
രാസാത്തി ഉന്നൈ കാണാതെ നെഞ്ചം… എന്ന ഇളയരാജ ചിട്ടപ്പെടുത്തിയ ഒറ്റഗാനം മാത്രം മതിയാവും ജയചന്ദ്രൻ എന്ന ഗായകനെ അടയാളപ്പെടുത്താൻ. വിദ്യാസാഗർ – ഗിരീഷ് പുത്തഞ്ചേരി ടീമിൻ്റെ സൃഷ്ടിയിൽ ജയചന്ദ്രൻ പാടിയ ഒരു പാട് മെലഡി ഗാനങ്ങൾ മലയാളികളുടെ ഗൃഹാതുരതയുടെ കൂടി ഭാഗമാണ്. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ആറ് തവണയും തമിഴ്നാട് സർക്കാരിൻ്റെ കലൈാമണി പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. 1966-ൽ കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിന് വേണ്ടി പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര സംഗീത ലോകത്തേക്ക് വന്നതെങ്കിലും കളിത്തോഴൻ എന്ന ചിത്രത്തിലെ മഞ്ഞലയിൽ മുങ്ങിത്തപ്പി എന്ന ഗാനത്തോടെയാണ് അദ്ദേഹം മലയാള സംഗീതപ്രേമികൾക്കിടയിൽ വരവറിയിക്കുന്നത്.