അഭിമുഖത്തിനിടെ അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിനായി സ്റ്റേഷനിലെത്തിയ നടനെ കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഐപിഎസി 509, 354 (എ), 294 (ബി) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ പൊതുസ്ഥലത്ത് വച്ച് അസഭ്യം പറഞ്ഞെന്നാണ് അവതാരകയുടെ പരാതി. അവതാരക പൊലീസിനും വനിതാ കമ്മീഷനും നിർമ്മാതാക്കളുടെ സംഘടനയ്ക്കും പരാതി നൽകിയിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും അവതാരക പരാതിയിൽ ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്ന് സ്റ്റേഷനിൽ എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചെങ്കിലും ഉച്ച തിരഞ്ഞ് മരട് പോലീസ് സ്റ്റേഷനില്‍ ശ്രീനാഥ് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. പരാതിക്കാരിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാണ്. അതിനിടെ മറ്റൊരു റേഡിയോ അഭിമുഖത്തിനിടെ നടന് ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും ചര്‍ച്ചയാവുകയാണ്.