ഇടുക്കി: ദേശീയതലത്തിൽ വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് കേരളത്തിൽ പിന്തുണ പ്രഖ്യാപിച്ച് ദളിത് സംഘടനകൾ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായാണ് ആഗസ്റ്റ് 21 ബുധനാഴ്ച ദളിത് സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമ നിർമ്മാണം നടത്തണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ദേശീയ തലത്തിൽ പ്രഖ്യാപിച്ച ഹർത്താലിന് കേരളത്തിൽ പ്രഖ്യാപിക്കുന്നതായി ആദിവാസി സംഘടനകൾ അറിയിച്ചു. ബലം പ്രയോഗിച്ചോ, നിർബന്ധിച്ചോ ഹർത്താൽ നടപ്പാക്കില്ലെന്നും ജനജീവിതം തടസപ്പെടുത്തില്ല ദളിത് സംഘടനാ നേതാക്കൾ അറിയിച്ചു. യാതൊരു അക്രമപ്രവർത്തനങ്ങളും നടത്താൻ പാടില്ലന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ഹർത്താൽ. മേപ്പാടിയിലെ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ദളിത് സംഘടനാ നേതാക്കൾ അറിയിച്ചു. ദളിത് സംഘടനകളുടെ പ്രവർത്തകരും നേതാക്കളും വിവിധ ജില്ലാ കേന്ദ്രങ്ങളിലെത്തി ഹർത്താലിന് പിന്തുണ അറിയിച്ച് പ്രകടനം നടത്തുമെന്നും അക്രമ സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സമരസമിതി നേതാവ് എം. ഗീതാനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.