വ്യാവസായിക ഭാരതത്തിന്റെ ഭീഷ്മാചാര്യർ രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ്. ആയിരക്കണക്കിന് വ്യവസായികളും ലക്ഷക്കണക്കിന് സംരംഭകരമുള്ള ഈ രാജ്യത്ത് എന്തു കൊണ്ടാണ് രത്തൻ ടാറ്റാ എന്ന മനുഷ്യൻ ഇത്ര കണ്ട് ജനകീയനും ബഹുമാന്യനുമായി മാറിയത്. അതിന് എളുപ്പത്തിലൊരു ഉത്തരമില്ല, എങ്കിലും ഒന്നു പറയാം രത്തൻ ടാറ്റയുടേയും ടാറ്റാ ഗ്രൂപ്പിൻ്റേയും വ്യവസായങ്ങളും സംരംഭങ്ങളും ലാഭം മാത്രം ലക്ഷ്യമിട്ടല്ല പ്രവർത്തിക്കുന്നത്. തൻ്റെ ഏതൊരു ഉത്പന്നവും സ്ഥാപനവും ഇന്ത്യയിലെ സാധാരണ മനുഷ്യന് ഏതെങ്കിലും തരത്തിൽ ഗുണകരമാവണമെന്ന് നിഷ്കർഷ രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നു. ആ കരുതലാണ് ഇന്ത്യൻ ജനതയുടെ ആകെ വിശ്വാസവും ബഹുമാനവും ആർജ്ജിച്ച വ്യക്തിത്വതമായി രത്തൻ ടാറ്റയെ മാറ്റിയത്.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കും പതിറ്റാണ്ടുകൾ മുൻപാണ് പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഇൻഡിക്ക എന്ന കാർ ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കുന്നത്. സ്കൂട്ടറിൽ പോകുന്ന ഇന്ത്യൻ കുടുംബത്തിന് ഒരു കാർ എന്ന രത്തൻ്റെ സ്വപ്നമാണ് ടാറ്റാ നാനോയായത്. ജിയോ ഇന്ത്യയിൽ ഇൻ്റർനെറ്റ് വിപ്ലവം സാധ്യമാക്കുന്നതിനും വളരെ മുൻപാണ് ടാറ്റാ ഡൊക്കോമോ എന്ന മൊബൈൽ കമ്പനി സെക്കൻഡിന് ഒരു പൈസ എന്ന നിരക്കിൽ കോളിംഗ് വിപ്ലവം സൃഷ്ടിച്ചത്. ഏറ്റവും ഒടുവിൽ പ്രീമിയം ടെക്സ്റ്റൈൽ ബ്രാൻഡുകൾക്ക് ബന്ദലായി സൂഡിയോ, ബജറ്റ് എയർലൈനായ എയർ ഏഷ്യ, എയർഇന്ത്യ എക്സ്പ്രസ്സ് ഇവയെല്ലാം സാധാരണക്കാരനോടൊപ്പം വളരാനും അവരെ വളർത്താനുമുള്ള ടാറ്റായുടേയും രത്തൻ്റേയും ശ്രമങ്ങൾക്ക് ഉദാഹരമാണ്.
ഇന്ത്യയിലെ ഏറ്റവും വിശ്വസ്തവും ജനകീയവുമായ ബ്രാൻഡാണ് ടാറ്റാ എങ്കിലും ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ രത്തൻ ടാറ്റയില്ല. അതിനു കാരണം അദ്ദേഹത്തിൻ്റേയും ടാറ്റാ ഗ്രൂപ്പിൻ്റേയും വരുമാനത്തിൽ നല്ലൊരു പങ്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആരോഗ്യ – ശാസ്ത്ര ഗവേഷണങ്ങൾക്കുമായി ചിലവിടുന്നതിനാലാണ്. രത്തൻ ടാറ്റ ഇന്ത്യക്ക് ഒരു വ്യവസായി മാത്രമായിരുന്നില്ല, തലമുറകളെ പ്രച്ഛോദിപ്പിച്ച മാതൃകാ വ്യക്തിതത്വം കൂടിയായിരുന്നു.
ധാർമിക മൂല്യങ്ങൾ ഉയർത്തി പിടിച്ചും കച്ചവടം ചെയ്യാം എന്ന് രത്തൻ ടാറ്റാ തെളിയിച്ചു. പണവും പ്രശസ്തിയും രത്തനെ മാറ്റിയില്ല, പകരം ടാറ്റായുടെ വളർച്ചയും ശക്തിയും ഇന്ത്യയുടെ പുനർനിർമ്മാണത്തിന് ഇന്ധനമാക്കി മാറ്റുകയായിരുന്നു രത്തൻ ടാറ്റാ ചെയ്തത്. സമ്പത്തിൻ്റെ ആർഭാടക്കാഴ്ചകൾ നിറയുന്ന മുംബൈയിൽ ഏറ്റവും ലളിതമായ ജീവിതമായിരുന്നു രത്തൻ ടാറ്റയുടേത്. അസംഖ്യം അംഗരക്ഷകരോ അകമ്പടി വാഹനങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഒരു വെള്ള ടാറ്റാ ഇൻഡിഗോ കാറിൽ സ്വയം ഡ്രൈവ് ചെയ്തു ഔദ്യോഗിക യോഗങ്ങൾക്ക് എത്തുന്ന രത്തൻ ടാറ്റായെ ആർക്കും മറക്കാൻ സാധിക്കില്ല.
പതിറ്റാണ്ടുകളോളം ഇന്ത്യൻ വ്യവസായ രംഗത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി നിന്നിട്ടും ഒരിക്കൽ പോലും രത്തൻ ടാറ്റാ വിവാദങ്ങളിൽ കുടുങ്ങിയില്ല. വിദേശ വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രത്തൻ ടാറ്റ 1970-ലാണ് ടാറ്റാ ഗ്രൂപ്പിൽ ചേരുന്നത്. ടാറ്റാ സ്റ്റീലിലായിരുന്നു രത്തൻ ടാറ്റായുടെ തുടക്കം. പതിയെ ടാറ്റാ ഗ്രൂപ്പിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ രത്തനും ഇടപെട്ട് തുടങ്ങി. 1991-ൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ ജെ.ആർ.ഡി ടാറ്റാ സ്ഥാമൊഴിഞ്ഞപ്പോൾ പകരക്കാരനായാണ് രത്തൻ ടാറ്റാ ആ സ്ഥാനത്തേക്ക് എത്തിയത്. തുടർന്ന് അടുത്ത 21 വർഷം രത്തൻ ടാറ്റയ്ക്ക് കീഴിലായിരുന്നു ടാറ്റാ ഗ്രൂപ്പിൻ്റെ മുന്നേറ്റം.
രത്തൻ ചുമതലയേൽക്കുന്ന ഘട്ടത്തിൽ കമ്പനിക്ക് അകത്ത് അദ്ദേഹത്തിന് വലിയ സ്വീകരണം ലഭിച്ചില്ല. കമ്പനികളെ അതിൻ്റെ തലവൻമാർക്ക് കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതായിരുന്നു ജെആർഡി ടാറ്റായുടെ രീതി. രത്തൻ വന്നതോടെ ഈ സ്ഥിതി മാറി. ഇതിൽ പല ടാറ്റാ കമ്പനികളുടേയും തലപ്പത്തുള്ളവർക്ക് അതൃപ്തി ഉണ്ടായിരുന്നു. എന്നാൽ രത്തൻ അതെല്ലാം അവഗണിച്ചു. ടാറ്റായുടെ എല്ലാ കമ്പനികളും നേരിട്ട് ഗ്രൂപ്പ് ഓഫീസിന് റിപ്പോർട്ട് ചെയ്യുന്ന സംവിധാനം രത്തൻ ടാറ്റാ കൊണ്ടു വന്നു. പല കമ്പനികളുടെയും വരുമാനം ടാറ്റാ ബ്രാൻഡിനെ വളർത്താൻ രത്തൻ ഉപയോഗപ്പെടുത്തി. കൂടുതൽ ചെറുപ്പക്കാരെ ടാറ്റായിലേക്ക് കൊണ്ടു വന്നും, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും രത്തൻ ടാറ്റാ ഗ്രൂപ്പിനെ നവീകരിച്ചു.
രത്തൻ ടാറ്റയ്ക്ക് കീഴിൽ 21 വർഷം കൊണ്ട് ടാറ്റാ അടിമുടി മാറി. വരുമാനം 40 ഇരട്ടിയായി വർധിച്ചു. ലാഭം അൻപത് ഇരട്ടിയും കൂടി. ടാറ്റാ ബ്രാൻഡുകളെ വളർത്തിയെടുക്കുന്ന രത്തൻ്റെ ശൈലി വലിയ വിജയമായി. ടാറ്റാ ടീ ആഗോള ബ്രാൻഡായ ടെട്ലിയെ ഏറ്റെടുത്തു, ടാറ്റാ മോട്ടോഴ്സ് ജാഗ്വർ ലാൻഡ് റോവറും ടാറ്റാ സ്റ്റീൽ കോറസും ഏറ്റെടുത്തു. ഇതോടെ ടാറ്റാ ഒരു ആഗോള ബ്രാൻഡായി മാറി. ജാഗ്വർ ലാൻഡ് റോവറിൽ നിന്നുള്ള എഞ്ചിനീയർമാർ ഡിസൈൻ ചെയ്ത ടാറ്റാ നെക്സോൺ 2017-ൽ ഇറങ്ങിയതോടെ ടാറ്റാ മോട്ടോഴ്സിൻ്റെ ഇന്ത്യയിലെ പുതിയ ചരിത്രം ആരംഭിക്കപ്പെട്ടു. ലക്ഷക്കണക്കിന് വാഹനങ്ങളാണ് പിന്നീട് അങ്ങോട്ട് ഒരോ വർഷവും ടാറ്റാ മോട്ടോഴ്സ് ഇന്ത്യയിൽ വിറ്റൊഴിക്കുന്നത്.
2012-ൽ തൻ്റെ 75-ാം വയസ്സിലാണ് രത്തൻ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. പകരം ആ പദവിയിൽ എത്തിയ സൈറസ് മിസ്ത്രിയോട് പല കാര്യങ്ങളിലും രത്തൻ ടാറ്റയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. 2016-ൽ ടാറ്റാ സണ്സ് ചെയർമാൻ സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രി നീക്കം ചെയ്യപ്പെട്ടു. താത്കാലിക ചെയർമാനായി വീണ്ടും രത്തൻ ടാറ്റാ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം തന്നെയാണ് നിലവിലെ ചെയർമാനായ എൻ.ചന്ദ്രശേഖരനെ കണ്ടെത്തിയതും പദവിയിലേക്ക് എത്തിച്ചും.
ടാറ്റാ ഗ്രൂപ്പ് ചെയർമാൻ പദവി ഒഴിഞ്ഞ ശേഷം നിരവധി സ്റ്റാർട്ടപ്പുകളിൽ രത്തൻ ടാറ്റാ നിക്ഷേപം നടത്തിയിരുന്നു. snapchat, teabox, Cashkaro,Ola Cabs എന്നിവയിൽ എല്ലാം രത്തൻ ടാറ്റാ നേരിട്ട് നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ചൈനീസ് കമ്പനിയായ ഷവോമിയിലും രത്തൻ നിക്ഷേപം നടന്നതായി വാർത്തകൾ വന്നിരുന്നു.
ജെംഷഡ്ജി ടാറ്റാ തുടങ്ങിയ എയർഇന്ത്യ പിന്നീട് കേന്ദ്രസർക്കാർ ഏറ്റെടുക്കുകയും ഇന്ത്യയുടെ നാഷണൽ കാരിയറായി മാറുകയും ചെയ്തിരുന്നു. എന്നാൽ എയർഇന്ത്യ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ കമ്പനിയെ സ്വകാര്യ വത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. തൻ്റെ കുടുംബത്തിന് നഷ്ടമായ എയർഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള അവസരമായിട്ടാണ് രത്തൻ ഇതിനെ കണ്ടത്. അങ്ങനെ എയർഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തി. തങ്ങളുടെ പ്രീമിയം ബ്രാൻഡായ വിസ്താരയേയും ബജറ്റ് എയർലൈനായ എയർ ഏഷ്യയേയും എയർ ഇന്ത്യയിൽ ലയിപ്പിച്ചു.
എയർഇന്ത്യയെ ഏറ്റെടുത്ത ശേഷം എയർബസ്, ബോയിംഗ് എന്നിവിടങ്ങളിൽ നിന്നായി 470 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാർ എയർഇന്ത്യ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വാർത്തയായ ഈ ഇടപാടിലും രത്തൻ ടാറ്റയുടെ മേൽനോട്ടമുണ്ടായിരുന്നു. എയർഇന്ത്യയെ പൂർണമായും ഒരു ടാറ്റാ ബ്രാൻഡായി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് രത്തൻ ടാറ്റായുടെ വിയോഗം. എപിജെ അബ്ദുൾ കലാമിന് ശേഷം വ്യക്തിത്വം കൊണ്ടും പ്രവർത്തനം കൊണ്ടും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ് രത്തൻ ടാറ്റയുടേത്. പറഞ്ഞതിലേറെ പ്രവർത്തിച്ചു കാണിച്ച രത്തൻ ടാറ്റാ വിട പറഞ്ഞു പോകുമ്പോൾ ഇന്ത്യയാകെ വിങ്ങുന്നതും ആ മനുഷ്യൻ സൃഷ്ടിച്ച സ്വാധീനം ഒന്നു കൊണ്ടു മാത്രമാണ്.