യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്വവർഗ വിവാഹ നിയമത്തിൽ ഒപ്പുവച്ചു. വൈറ്റ് ഹൗസിൽ എത്തിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തിയാണ് ചരിത്രപ്രധാനമായ നിയമത്തിൽ ബൈഡൻ ഒപ്പിട്ടത്. സ്വവർഗ വിവാഹം ചെയ്യുന്നവർക്ക് സംരക്ഷണം നൽകുകയാണ് പുതിയ നിയമം.
യു എസ് വൈസ് പ്രസിഡന്റായിരുന്ന സമയത്ത് സ്വവർഗ വിവാഹത്തെ ബൈഡൻ പിന്തുണച്ചിരുന്നു. 2015ൽ സുപ്രീംകോടതി സ്വവർഗ വിവാഹം യു.എസിൽ നിയമവിധേയമായി വിധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം എല്ലാവരുടെയും സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അമേരിക്ക നടത്തുന്ന സുപ്രധാന ചുവടുവെപ്പുകളിൽ ഒന്നാണിതെന്ന് ബൈഡൻ പറഞ്ഞു.
സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് യു.എസ് പ്രതിനിധി സഭ നേരത്തേ തന്നെ അന്തിമ അംഗീകാരം നൽകിയിരുന്നു. എന്നാൽ ഒരു വിഭാഗം വിശ്വാസികളും റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ഇതിനെ എതിർത്തു. ഇത്തരം എതിർപ്പിനെയെല്ലാം മറികടന്നാണ് ബില്ലിന് അംഗീകാരം നൽകിയത്.