ദുബായ് : ഖത്തർ എയർവേയ്സിൻ്റെ വാർഷിക അറ്റാദായം 39 ശതമാനം വർധിച്ച് 6.1 ബില്യൺ ഖത്തർ റിയാലായി (1.67 ബില്യൺ ഡോളർ). 2023-24 സാമ്പത്തിക വർഷത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ ഒരു വർഷത്തെ വരുമാനം ആറ് ശതമാനം വർധിച്ച് 81 ബില്യൺ റിയാലായി എന്നാണ് കണക്ക്.
ഖത്തർ സർക്കാരിൻ്റെ ഉടമസ്ഥതയിലാണ് ഖത്തർ എയർവേയ്സ് പ്രവർത്തിക്കുന്നത് എന്നതിനാൽ കമ്പനിയുടെ ലാഭം ഖത്തറിനാകെ സന്തോഷം തരുന്നതാണ്. 83 ശതമാനം ഒക്യുപെൻസിയോടെ നാല് കോടിയിലേറെ യാത്രക്കാരാണ് ഒറ്റ വർഷത്തിൽ ഖത്തർ എയർവെയ്സ് വിമാനങ്ങളിൽ പറന്നത്.
കാര്യക്ഷമത ഉറപ്പാക്കിയുള്ള പ്രവർത്തനവും യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കാൻ നടത്തിയ ശ്രമങ്ങളുമാണ് കമ്പനിയുടെ വിജയത്തിന് കാരണമെന്നും കൂടുതൽ വിമാനങ്ങൾ സർവ്വീസിനിറക്കിയതും കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിച്ചതും ഗുണം ചെയ്തതെന്നും ഖത്തർ എയർവേയ്സ് സിഇഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
കൊവിഡ് മഹാമാരിക്ക് ശേഷം ആഗോള വ്യോമയാന മേഖല തിരിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എന്നാൽ പുതിയ വിമാനങ്ങൾ സമയബന്ധിതമായി ലഭിക്കാത്തത് ഈ വളർച്ച ഗുണകരമായി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തിൽ എയർബസ്സ്, ബോയിംഗ് പോലുള്ള വിമാനനിർമ്മാണക്കമ്പനികൾ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അൽ മീർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ഖത്തർ എയർവേയ്സിൽ പുതിയ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിമാനനിർമ്മാണ കമ്പനികളുമായും ചർച്ചകൾ തുടരുകയാണെന്ന് കഴിഞ്ഞ മാസം മിർ വ്യക്തമാക്കിയിരുന്നു. ആഗോള വ്യോമയാന വിപണയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് ഒപ്പം തന്നെ ഓർഡർബെയിൻ ക്യാപിറ്റലിൻ്റെ ഉടമസ്ഥതയിലുള്ള വിർജിൻ ഓസ്ട്രേലിയയിൽ 20% വരെ ഓഹരികൾ വാങ്ങുന്നതടക്കം നിക്ഷേപ പദ്ധതികളും ഖത്തർ എയർവേയ്സിനുണ്ട്.