വൈദ്യുതി തടസ്സം നേരിട്ടതിനെ തുടർന്ന് ഒമാനിലെ സ്വകാര്യ, പൊതുവിദ്യാലയങ്ങളിലെ ക്ലാസുകൾ ചൊവ്വാഴ്ച നിർത്തിവച്ചു. ഇന്ന് നടത്താനിരുന്ന പൊതുവിദ്യാഭ്യാസ ഡിപ്ലോമയുടെ രണ്ടാം റൗണ്ട് പരീക്ഷകളും മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നാളെ പഠനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
വൈദ്യുതി വിതരണം തടസപ്പെട്ട സ്കൂളുകളുടെ പട്ടിക നൽകാനും മന്ത്രാലയം വിദ്യാഭ്യാസ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മസ്കറ്റിൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് മസ്കറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി സ്ഥിരീകരിച്ചു. മറ്റ് സ്ഥലങ്ങളിലും വൈദ്യുതി വിതരണം ഇതിനകം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന നെറ്റ്വർക്കിന്റെ ട്രാൻസ്മിഷൻ ലൈനുകളിലൊന്നിലെ സാങ്കേതിക തകരാർ മൂലമാണ് തടസ്സമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.