നമീബിയയുടെ പ്രസിഡന്റ് ഹാഗെ ഗെയിംഗ്ഗോബ് അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം ലോക അര്‍ബുദ ദിനത്തില്‍ തന്നെയാണ് അന്തരിക്കുന്നത്. 82 വയസായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഹാഗെ ഗെയിംഗ്ഗോബിന് അര്‍ബുദം സ്ഥിരീകരിച്ചത്. നേരത്തെ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ് ഗെയിംഗ്ഗോബ്.
വൈസ് പ്രസിഡന്റ് നംഗോളോ എംബുംബയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗെയിംഗ്ഗോബിന്റെ മരണം. തെരഞ്ഞെടുപ്പ് വരെ എംബുംബ പ്രസിഡന്റായി തുടരും.
2015 മുതല്‍ നമീബിയയുടെ പ്രസിഡന്റാണ് ഗെയിംഗ്ഗോബ്. നമീബിയയുടെ ഭരണഘടന രൂപീകരിച്ച സമിതിയുടെ അധ്യക്ഷനുമായിരുന്നു അദ്ദേഹം. നമീബിയയുടെ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 2002 വരെ പദവിയില്‍ തുടര്‍ന്നിരുന്നു. പിന്നീട് 2015ലും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.