ഇസ്ലാമാബാദ്: പാകിസ്ഥാന് നിയമപരമായി അവകാശപ്പെട്ട ജലം വഴിതിരിച്ചുവിടാനുള്ള ഇന്ത്യയുടെ ഏതൊരു നീക്കവും യുദ്ധ നടപടിയായി കണക്കാക്കുമെന്ന് പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി (എൻഎസ്സി) മുന്നറിയിപ്പ് നൽകി. ഷിംല കരാർ അടക്കമുള്ള ഉടമ്പടികളിൽ നിന്നും പിന്മാറാനും പാകിസ്ഥാൻ തീരുമാനിച്ചു.
വ്യാഴാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ദേശീയ സുരക്ഷസമിതി യോഗത്തിന് ശേഷം ഇന്ത്യയുടെ ഉപരോധ നടപടികൾക്ക് പാകിസ്ഥാൻ മറുപടി നൽകിയത്. സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനത്തെ എൻഎസ്സി തള്ളി.
ഈ കരാർ പ്രാദേശിക സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സമിതി വിലയിരുത്തി. ഇൻഡസ് വാലി നദികളിലെ ജലം നിർണായക ദേശീയ വിഭവമാണെന്നും 24 കോടി പാകിസ്ഥാനികളുടെ ജീവനാഡിയാണ് നദിയിലെ ജലമെന്നും സുരക്ഷാസമിതി ഊന്നിപ്പറഞ്ഞു, എന്തുവിലകൊടുത്തും തങ്ങളുടെ ജലാവകാശങ്ങൾ സംരക്ഷിക്കാനുള്ള പാകിസ്ഥാൻ പ്രതിബദ്ധരാണെന്നും പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ള നദികളിലെ ജലപ്രവാഹം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്താൽ, അത് യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടർന്ന് സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനും പാകിസ്ഥാൻ പൗരന്മാരുടെ പ്രവേശനം നിരോധിക്കാനുമുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ സുരക്ഷാസമിതി യോഗം ചേർന്നതും ഈ തീരുമാനങ്ങളെടുത്തതും.
അടിയന്തര പ്രതികരണത്തിന്റെ ഭാഗമായി, ഏപ്രിൽ 30 മുതൽ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നയതന്ത്ര ജീവനക്കാരുടെ പരമാവധി 30 പേർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ, ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ സർവീസ് നടത്തുന്നതോ ആയ എല്ലാ വിമാനങ്ങൾക്കും പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശനം നിഷേധിക്കും.
പാകിസ്ഥാൻ സുരക്ഷ സമിതി യോഗത്തിലെ തീരുമാനങ്ങൾ
- ഇന്ത്യ നദികളിലെ ജലം തടയുകയോ വഴി തിരിച്ചു വിടുകയോ ചെയ്താൽ അതിനെ യുദ്ധപ്രഖ്യാപനമായി കാണും
- വാഗാ അതിർത്തി അടയ്ക്കും. ഇന്ത്യയിലുള്ള എല്ലാ പാക് പൗരൻമാരും ഏപ്രിൽ 30-നുള്ളിൽ തിരിച്ചെത്തണം
- ഇന്ത്യക്കാർക്ക് വിസ അനുവദിക്കില്ല. രാജ്യത്തുള്ള എല്ലാ ഇന്ത്യക്കാരും 48 മണിക്കൂറിനുള്ളിൽ മടങ്ങണം. സിഖ് തീർത്ഥാടക വിസയിൽ വന്നവർക്ക് ഇളവ്.
- ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസിയിലുള്ള പ്രതിരോധ ഉദ്യോഗസ്ഥർ ഏപ്രിൽ 30-നുള്ളിൽ രാജ്യം വിടണം. എംബസി ജീവനക്കാരുടെ എണ്ണം മുപ്പതായി കുറയ്ക്കും
- ഇന്ത്യൻ വിമാനക്കമ്പനികൾക്കും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവ്വീസുകൾക്കും ഇനി പാകിസ്ഥാൻ ആകാശപാതയിൽ പ്രവേശനമില്ല.
- ഇന്ത്യയുമായുള്ള എല്ലാ വ്യാപാരബന്ധവും അവസാനിപ്പിച്ചു. മൂന്നാം രാജ്യങ്ങളിലൂടെയുള്ള വാണിജ്യത്തിനും വിലക്ക്