ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പരാതിയില്ലാതെ കേസെടുത്തത് എന്തിനെന്ന് സുപ്രീംകോടതി. ഇങ്ങനെ വ്യക്തികളെ അപമാനിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം. അതേ സമയം, കേസെടുത്ത് അന്വേഷിക്കാൻ എസ്ഐടിക്ക് നിർദ്ദേശം നൽകിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.പരാതി നൽകിയതിൻ്റെ പേരിൽ ഭീഷണി നേരിടുന്നുവെന്ന് മേക്കപ്പ് ആർട്ടിസ്റ്റുകൾ ഹർജിയിൽ പറയുന്നു.
തെളിവില്ലാതെ കേസുകൾ എടുക്കുമ്പോൾ പലരും ഇരകളാകുന്നുവെന്ന് സജിമോൻ പാറയിലിൻ്റെ അഭിഭാഷകൻ വാദിച്ചു. നിങ്ങൾക്ക് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലല്ലോ പിന്നെ എന്തിനാണ് ആശങ്കയെന്ന് കോടതി തിരിച്ചു ചോദിച്ചു. പരാതിയില്ലാതെ കേസ് എടുത്തത് എന്തിനെന്ന് ചോദിച്ച കോടതി ഇങ്ങനെ കേസ് അടുത്ത് ആളുകളെ അപമാനിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. മറുപടി നൽകാൻ സംസ്ഥാനത്തിന് സമയം നൽകാമെന്ന് പറഞ്ഞ കോടതി കേസ് വീണ്ടും അടുത്ത തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.അന്ന് അന്തിമ ഉത്തരവ് ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.