കോഴിക്കോട്: എയിംസ് കോഴിക്കോട് എത്തിക്കുകയാണ് തൻ്റെ ഇനിയുള്ള പ്രധാന ലക്ഷ്യമെന്ന് നാലാം വട്ടവും കോഴിക്കോട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട എംകെ രാഘവൻ. തൻ്റെ ജയം കോഴിക്കോട്ടെ ജനങ്ങളുടെ ജയമാണെന്നും കോഴിക്കോട്ടെ ജനങ്ങളുമായി തനിക്ക് അതിശക്തമായ ആത്മബന്ധമുണ്ടെന്നും ഇക്കുറിയും ജനം തൻ്റെ കൂടെ നിന്നതാണ് ഭൂരിപക്ഷം കൂടാൻ കാരണമായതെന്നും രാഘവൻ പറഞ്ഞു.
കോഴിക്കോട് എയിംസും ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് എംപിയെന്ന നിലയിൽ തന്റെ ലക്ഷ്യമെന്ന് രാഘവൻ വ്യക്തമാക്കി. ദേശീയരാഷ്ട്രീയത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ യുഡിഎഫും മികച്ച നിലയിലാണ്.
കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും കേരളത്തിലെ വികസനത്തിൽ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ടാണ് കേരളത്തിനുള്ള എയിംസ് വൈകുന്നുവെന്ന് വ്യക്തമല്ല. കോഴിക്കോട് പദ്ധതിക്കായി ഭൂമി കണ്ടെത്തിയതാണ്. കോഴിക്കോട് നിന്ന് എയിംസ് മറ്റൊരിടത്തേക്ക് മാറ്റുമെന്ന് സുരേഷ് ഗോപി പറഞ്ഞത് എന്ത് സാഹചര്യത്തിലാണെന്ന് തനിക്കറിയില്ല.
എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷമാണ് കോഴിക്കോട് കിനാലൂരിൽ എയിംസിനായി സർക്കാർ ഭൂമി കണ്ടെത്തിയതും ഉറപ്പിച്ചതും. ഇപ്പോൾ അവിടെ നിന്നും എയിംസ് മാറ്റണമെന്നാണ് സുരേഷ് ഗോപി പറയുന്നത്. എയിംസ് എങ്ങോട്ടാണ് കൊണ്ടു പോകുന്നതും എവിടെയാണ് അത്രയും ഭൂമി ലഭ്യമായിട്ടുള്ളതെന്നും സുരേഷ് ഗോപി വ്യക്തമാക്കണം – എം.കെ രാഘവൻ പറഞ്ഞു.